| Thursday, 28th September 2023, 4:26 pm

ഉജ്ജയിനിയിലെ ബലാത്സംഗം; പോലീസുകാരുടെ പ്രസ്താവനകളിൽ പൊരുത്തക്കേട്, 72 മണിക്കൂറിന് ശേഷവും അറസ്റ്റില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉജ്ജയിനി: ഉജ്ജയിനിയിൽ 15കാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയതും തമ്മിൽ പൊരുത്തക്കേട്. 72 മണിക്കൂറിന് ശേഷവും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസം പൊലീസുകാർ സി.സി.ടി.വി പരിശോധനയിൽ പെൺകുട്ടി ഒരു ഓട്ടോറിക്ഷ ഡ്രൈവറോട് സംസാരിക്കുന്നത് കണ്ടതിനെ തുടർന്ന് അയാളെ ചോദ്യം ചെയ്തിരുന്നു.

ഓട്ടോറിക്ഷയിൽ രക്തക്കറകൾ കണ്ടെത്തിയെങ്കിലും ഡ്രൈവർക്ക് കുറ്റകൃത്യവുമായി പങ്കുണ്ടെന്ന് തെളിയിക്കുന്ന ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ല. ആളുകളെ ചോദ്യം ചെയ്‌തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സാഹചര്യ തെളിവുകൾ വിലയിരുത്തുകയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പെൺകുട്ടിക്ക് പേരും വിലാസവുമൊന്നും പറയാൻ സാധിക്കുന്നില്ലെന്നും സംസാര രീതിയിൽ നിന്ന് പെൺകുട്ടി 850 കി.മി. അകലെ ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നിന്നാണെന്നാണ് കരുതുന്നത് എന്നും പറഞ്ഞിരുന്നു. എന്നാൽ കുറ്റപത്രത്തിൽ പെൺകുട്ടിയുടെ പേരും പിതാവിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്.

പെൺകുട്ടി മധ്യപ്രദേശിലെ സത്നയിൽ നിന്ന് തന്നെയുള്ളതാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി മികച്ച ജീവിതം തേടിയാണ് സത്നയിലെ വീട് വിട്ട് പെൺകുട്ടി ഉജ്ജയിനിയിലേക്ക് വന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

അതിജീവിതക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല എന്നാണ് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞത്‌. എന്നാൽ താൻ നേരിട്ട ക്രൂരതയെ കുറിച്ചുള്ള പെൺകുട്ടിയുടെ മൊഴി എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയതായി എൻ.ഡി.ടി.വി കണ്ടെത്തി.

അവശയായ പെൺകുട്ടിയെ സമീപത്തെ ആശ്രമത്തിലെ പുരോഹിതനാണ് കണ്ടെത്തി പൊലീസിൽ വിവരം അറിയിച്ചത്.

Content Highlight: Ujjain Rape; 72 Hours Later no Arrest, Mismatch In Police Statements

We use cookies to give you the best possible experience. Learn more