അഹമ്മദാബാദ്: ഗുജറാത്തിലെ ചൂതാട്ട-മദ്യവിരുന്ന് കേന്ദ്രത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ബി.ജെ.പി. എം.എല്‍.എ. കുടുങ്ങി. ഖേഡ ജില്ലയിലെ മാടര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കേസരി സിംഗ് സോളങ്കിയാണ് റെയ്ഡില്‍ കുടുങ്ങിയത്. നിലവില്‍ മദ്യം നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്.
ബി.ജെ.പി. എം.എല്‍.എ. കേസരി സിംഗ് സോളങ്കിയടക്കം 26 പേരാണ് പിടിയിലായത്. മധ്യ ഗുജറാത്തില്‍ പാഞ്ച്മഹല്‍ ജില്ലയിലെ ഹലോളില്‍ ഒരു റിസോര്‍ട്ടിലാണ് വ്യാഴാഴ്ച രാത്രി ക്രൈം ബ്രാഞ്ച് രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്.
പ്രതികളില്‍ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലിസ് പറഞ്ഞു. ആറു കുപ്പി വിദേശമദ്യവും എട്ട് വാഹനങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തത്.
18 പുരുഷന്‍മാരും ഏഴ് സ്ത്രീകളുമാണ് പിടിയിലായത്. ഇതില്‍ നാലുപേര്‍ നേപ്പാള്‍ സ്വദേശികളാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സോളങ്കി റിസോര്‍ട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.