| Tuesday, 23rd March 2021, 3:06 pm

വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനക്കെതിരെ ഉപരോധമേര്‍പ്പെടുത്തി പാശ്ചാത്യരാജ്യങ്ങള്‍; കടുത്ത ഭാഷയില്‍ തിരിച്ചടിച്ച് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രെസല്‍സ്: ഉയിഗര്‍ മുസ്‌ലിങ്ങളോട് സ്വീകരിക്കുന്ന നടപടികളില്‍ ചൈനയ്‌ക്കെതിരെ കടുത്ത നിലപാടുമായി പാശ്ചാത്യരാജ്യങ്ങള്‍. ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിക്കൊണ്ടാണ് യൂറോപ്യന്‍ യൂണിയനും ബ്രിട്ടണ്‍, കാനഡ, യു.എസ് എന്നീ രാജ്യങ്ങളും രംഗത്തെത്തിയിരിക്കുന്നത്.

സിന്‍ജിയാങ് പൊതുസുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ചെന്‍ മിന്‍ഗ്വാ, മുതിര്‍ന്ന ഉദ്യോഗസ്ഥരായ വാങ് മിങ്ഷാന്‍, വാങ് ജുന്‍ ഷെങ് തുടങ്ങിയവര്‍ക്കാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. 1989ലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിന് ശേഷം ഇതാദ്യമായാണ് യൂറോപ്യന്‍ യൂണിയന് ചൈനക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് യൂറോപ്യന്‍ യൂണിയന്റെ ഇപ്പോഴത്തെ നടപടി.

ഈ കാലഘട്ടത്തിലെ ഏറ്റവും ഭീകരമായ മനുഷ്യാവകാശ പ്രതിസന്ധികളിലൊന്നാണ് സിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗര്‍ മുസ്‌ലിങ്ങളുടേതെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്. ഉപരോധമേര്‍പ്പെടുത്തുകയല്ലാതെ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും ഡൊമിനിക് പറഞ്ഞു.

സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായാണ് ചൈന രംഗത്തെത്തത്തിയത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാശ്ചാത്യരാജ്യങ്ങള്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ചൈന പറഞ്ഞു. തങ്ങള്‍ക്കെതിരെയുള്ള ഉപരോധ നടപടിയില്‍ പ്രതിഷേധിച്ച് 10 യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ക്കും നാല് സ്ഥാപനങ്ങള്‍ക്കും ചൈന ഉപരോധമേര്‍പ്പെടുത്തി.

മതന്യൂനപക്ഷമായ ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ചൈന കടുത്ത നടപടികള്‍ സ്വീകരിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്ത് ലക്ഷത്തിലേറെ ഉയിഗര്‍ മുസ്‌ലിങ്ങള്‍ ചൈനയില്‍ വിവിധ ക്യാംപുകളില്‍ കഴിയുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.ഉയിഗര്‍ മുസ്‌ലിങ്ങളെ പുതിയ കഴിവുകളും തൊഴിലും പഠിപ്പിക്കാനുള്ള കേന്ദ്രങ്ങളാണ് ഈ ക്യാംപുകളെന്നാണ് ചൈനയുടെ അവകാശവാദം.

എന്നാല്‍ ഈ കേന്ദ്രങ്ങളില്‍ ഉയിഗര്‍ വംശജരെ അതിക്രൂരമായ പീഡനത്തിനും നിര്‍ബന്ധിത മതംമാറ്റത്തിനും വിധേയമാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാംപുകളില്‍ നിന്നും പുറത്തെത്തിയ പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെകുറിച്ച് തുറന്നു പറഞ്ഞിരുന്നു.

‘ക്യാംപുകളില്‍ പലപ്പോഴും പന്നിമാംസം മാത്രം നല്‍കിയിരുന്ന ദിവസങ്ങളുണ്ടായിരുന്നു. കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ ഭക്ഷണം കഴിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാനാവില്ല. ജീവിച്ചിരിക്കണമെങ്കില്‍ മുന്നില്‍ വരുന്ന ഏത് ഭക്ഷണവും ഏത് മാംസവും കഴിച്ചേ മതിയാകൂ,’ 2018ല്‍ അറസ്റ്റിലായി പിന്നീട് ക്യാംപില്‍ നിന്നും രക്ഷപ്പെട്ട ഉംറുകി എന്ന യുവതി വെളിപ്പെടുത്തിയിരുന്നു.

ക്യാംപില്‍ നിന്നും രക്ഷപ്പെട്ട ഡോക്ടറും വിദ്യാഭ്യാസ വിദഗ്ധയുമായ സൈറാഗുല്‍ സൗദ്‌ബെയും ക്യാംപുകളിലെ പന്നിയിറച്ചി കഴിപ്പിക്കലിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങളെ നിര്‍ബന്ധിച്ച് പന്നിയിറച്ചി കഴിപ്പിച്ചിരുന്നു. മുസ് ലിങ്ങള്‍ പരിപാവനമായി കരുതുന്ന വെള്ളിയാഴ്ച തന്നെ അവര്‍ ബോധപൂര്‍വം ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ക്രൂരമായ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമായിരുന്നെന്ന് സൈറാഗുല്‍ വെളിപ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Uighurs, Western countries sanction China over rights abuses, China reacts

We use cookies to give you the best possible experience. Learn more