ന്യൂദല്‍ഹി: ആധാര്‍ ദുരുപയോഗം തടയാന്‍ പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങള്‍ പിന്‍വലിച്ച് യു.ഐ.ഡി.എ.ഐ. നിര്‍ദേശങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് യു.ഐ.ഡി.എ.ഐ അധികൃതര്‍ അറിയിച്ചു.
യു.ഐ.ഡി.എ.ഐ ബെംഗളൂരു പ്രാദേശിക കേന്ദ്രമാണ് ഉത്തരവ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തിറക്കിയത്.
ഐ.ടി വിവരങ്ങള്‍ മറ്റുള്ളവരുമായി കൈമാറരുതെന്നും ഇത് ദുരുപയോഗപ്പെടാന്‍ കാരണമായേക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നത്. ആധാര്‍ കാര്‍ഡിലെ മുഴുവന്‍ നമ്പറുകള്‍ കൈമാറുന്നതിന് പകരം അവസാന നാല് അക്കങ്ങള്‍ കൈമാറിയാല്‍ മതിയെന്നുമായിരുന്നു കേന്ദ്രം മുന്നോട്ട് വെച്ച പുതിയ നിര്‍ദേശം.
ആധാര്‍ വെര്‍ച്വല്‍ ഐ.ഡിമാത്രം ഉപയോഗിയ്ക്കുക, ആധാറിന്റെ സ്‌കാനോ കോപ്പിയോ ആര്‍ക്കും നല്‍കാതിരിയ്ക്കുക,
യു.ഐ.ഡി.എ.ഐ ലൈസന്‍സുള്ള ഏജന്‍സികള്‍ക്ക് മാത്രം ആധാര്‍ നല്‍കുക, മറ്റാര്‍ക്കും ആധാര്‍ നല്‍കാതിരിയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു.
ഹോട്ടലുകളിലോ തിയേറ്ററുകളിലോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനേളിലോ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പുകള്‍ നല്‍കേണ്ടതില്ല. സ്വകാര്യസ്ഥാപനം ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് കഫേകളിലെ പൊതു കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കരുതെന്നും അവ ഉപയോഗിക്കുകയാണെങ്കില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഫയല്‍ ഡിലീറ്റ് ചെയ്തിരിക്കണമെന്നും കേന്ദ്രം പറഞ്ഞിരുന്നു.
പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടെ നിരവധി വിമര്‍ശനങ്ങളും സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. ആധാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം ബാങ്ക് അക്കൗണ്ട് എടുക്കാനും, പുതിയ സിം എടുക്കാനും തുടങ്ങി എല്ലാ ആവശ്യങ്ങല്‍ക്കും ആധാര്‍ കാര്‍ഡായിരുന്നു ജനങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നും കേന്ദ്രത്തിന്റേത് വൈകി വന്ന വിവേകമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വിമര്‍ശനങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് നിര്‍ദേശങ്ങള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.
Content Highlight: UIDAI withdrew new guidelines of Aadhar