ന്യൂദല്‍ഹി: ഇന്ത്യയിലെ എകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ കാര്‍ഡിന്റെ സുരക്ഷയുറപ്പാക്കാന്‍ പുതിയ പദ്ധതികളുമായി ആധാര്‍ അതോറിറ്റി. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിര്‍ച്വല്‍ ഐ.ഡി സംവിധാനം എര്‍പ്പെടുത്താനാണ് അതോറിറ്റിയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി കാര്‍ഡുടമകള്‍ ആധാര്‍ നമ്പര്‍ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ കിട്ടുന്ന 16 അക്ക വിര്‍ച്വല്‍ ഐ.ഡി നമ്പര്‍ ഉപയോഗിച്ച് നിലവിലുള്ള മറ്റു സേവനങ്ങളുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാന്‍ സാധിക്കും. ആധാറുമായി ബന്ധിപ്പിച്ച വ്യക്തികളുടെ സ്വകാര്യത ഉറപ്പുവരുത്താനാണ് പുതിയ സംവിധാനമെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ശ്രമിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
വെബ്‌സൈറ്റില്‍ നിന്ന് ആവശ്യത്തിന് വിര്‍ച്വല്‍ റിയാലിറ്റി നിര്‍മ്മിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നതാണ്. പുതിയ ഐ.ഡി രൂപപ്പെടുമ്പോള്‍ പഴയത് സ്വയം ഇല്ലാതെയാവും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ആധാറിനു പകരം സേവനങ്ങള്‍ ബന്ധിപ്പിക്കാന്‍ ഈ വിര്‍ച്വല്‍ ഐ.ഡി ഉപയോഗിച്ചാല്‍ മതി.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുപോകുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് അതോറിറ്റിക്ക് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനവുമായി ആധാര്‍ അതോറിറ്റി രംഗത്തെത്തിയത്.
വിര്‍ച്വല്‍ ഐ.ഡി. നിലവില്‍ വരുന്നതോടെ ആധാര്‍ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് അധികൃതര്‍ പറയുന്നത്.
2018 മാര്‍ച്ച് 1 മുതലാണ് വിര്‍ച്വല്‍ ഐ.ഡി സംവിധാനം സ്വീകരിക്കുന്ന തരത്തില്‍ വെബ്‌സൈറ്റ് സജ്ജമാകുക. ജൂണ്‍ 30 മുതല്‍ എല്ലാത്തരം സേവനങ്ങളും വിര്‍ച്വല്‍ റിയാലിറ്റി ഐ.ഡി നമ്പറുമായി ബന്ധിപ്പിക്കപ്പെടുമെന്നും ആധാര്‍ അതോറിറ്റി അറിയിച്ചു.