ഡാന്‍സ് അറിയില്ലെന്ന് പറഞ്ഞ ടൊവിനോ കിടിലന്‍ ഡാന്‍സിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച ചിത്രമാണ് ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തിയ തല്ലുമാല. കണ്ണില്‍ പെട്ടോളേ എന്ന ആദ്യം പുറത്ത് വന്ന പാട്ടിലെ ടൊവിനോയുടെ ഡാന്‍സ് കണ്ട് പ്രേക്ഷകര്‍ കണ്ണുതള്ളി.
ടൊവിനോയെകൊണ്ട് ഡാന്‍സ് കളിപ്പിച്ചെടുത്തതെങ്ങനെയെന്ന് പറയുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുഹ്‌സിന്‍ പരാരി.
‘പണ്ട് മുതലേ ഞാന്‍ ടൊവിയോട് ചോദിക്കും നിനക്ക് ഡാന്‍സ് പഠിച്ചൂടെയെന്ന്. അതൊന്നും ശരിയാവില്ല എന്നാണ് അവന്‍ പറയാറുള്ളത്. ഖാലിദ് റഹ്മാന്‍ ലീഡര്‍ഷിപ്പ് ഏറ്റെടുത്തതോടെ കൂടി ഡാന്‍സ് നമുക്ക് ചെയ്യിപ്പിക്കാം എന്ന് തീരുമാനിച്ചു. നമുക്ക് പ്രാക്റ്റീസ് ചെയ്ത് കോണ്‍ഫിഡന്‍സ് ബില്‍ഡ് ചെയ്യാം അളിയാ, ഒരാളെ വെച്ച് പ്രാക്റ്റീസ് ചെയ്യാമെന്ന് ടൊവിയോട് പറഞ്ഞു.
കൊവിഡ് വന്നപ്പോള്‍ നമുക്ക് കുറച്ച് കാലം ഒന്നിച്ച് താമസിക്കാന്‍ പറ്റി. അവിടെ അവന്റെ ഡാന്‍സ് ട്രെയ്‌നിങ്ങും ഗ്രൂമിങ്ങുമൊക്കെ നോക്കി,’ മുഹ്‌സിന്‍ പറഞ്ഞു.
‘ഞങ്ങള്‍ ഒരേ ഏജിലുള്ള ആള്‍ക്കാരാണ്. ടൊവി ഭയങ്കര ഡിസിപ്ലിന്‍ഡാണ്. വെറുതെ കോംപ്ലക്‌സ് അടിപ്പിച്ച് കളയും. ഭയങ്കര കൃത്യനിഷ്ഠ, ഹാര്‍ഡ്‌വര്‍ക്കൊക്കെയാണ്. പല ഭാഷകളിലുള്ള അവന്റെ പ്രാവീണ്യം ശരിയാക്കാനുള്ള കോഴ്‌സ് ചെയ്യുന്നുണ്ട്. ബുദ്ധി, മനസ് ഇതിനൊക്കെ കറക്റ്റ് ടൈം കൊടുത്തിട്ട് പ്രയത്‌നിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. അതൊക്കെ കണ്ടപ്പോള്‍ ഭയങ്കര ബഹുമാനം തോന്നി. ഇന്‍സ്‌പൈറായില്ല. ഇന്‍സ്‌പൈറായാല്‍ പിന്നെ ഞാനും അതുപോലെ ചെയ്യേണ്ടി വരും. അതിന് നമ്മള്‍ നിന്നില്ല.
കൊറിയോഗ്രാഫര്‍ ഷോബി മാസ്റ്റര്‍ക്ക് ടൊവിക്ക് എന്താണ് കംഫര്‍ട്ടബിളായിട്ടുള്ളത് എന്നറിയാം. എന്താണ് നമുക്ക് വേണ്ടതെന്നും ഷോബി മാസ്റ്റര്‍ക്ക് അറിയാം. റഹ്മാനും ബാക്കി എല്ലാവരും കൂടി ചേര്‍ന്നിട്ടുള്ള എഫേര്‍ട്ടാണ് ടൊവിനോയുടെ ഡാന്‍സ്,’ മുഹ്‌സിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ഓസ്റ്റിന്‍ അദ്രി ജോയ്, ഗോകുലന്‍, ബിനു പപ്പു, ചെമ്പന്‍ വിനോദ്, ജോണി ആന്റണി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: muhsin parari says that he feel a complex by seeing tovino’s discipline