സ്ത്രീധനത്തിന് കാരണം പെണ്‍കുട്ടികളുടെ വൈരൂപ്യമെന്ന് മഹാരാഷ്ട്രയിലെ പാഠപുസ്തകം: ബി.ജെ.പി മന്ത്രിസഭയ്ക്ക് കീഴിലെ വിദ്യാഭ്യാസവകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു
India
സ്ത്രീധനത്തിന് കാരണം പെണ്‍കുട്ടികളുടെ വൈരൂപ്യമെന്ന് മഹാരാഷ്ട്രയിലെ പാഠപുസ്തകം: ബി.ജെ.പി മന്ത്രിസഭയ്ക്ക് കീഴിലെ വിദ്യാഭ്യാസവകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd February 2017, 8:14 pm

book


പെണ്‍കുട്ടിയുടെ വൈരൂപ്യം കാരണം വരന്റെ വീട്ടുകാരുടെ മുന്നില്‍ നിസ്സഹായരാവുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം നല്‍കുന്നുവെന്നും സ്ത്രീധനം നിലനില്‍ക്കാന്‍ കാരണം ഇതാണെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.


മുംബൈ: പെണ്‍കുട്ടികളുടെ വൈരൂപ്യമാണ് സ്ത്രീധനത്തിനു കാരണമെന്ന് മഹാരാഷ്ട്രയിലെ പാഠപുസ്തകം. പന്ത്രണ്ടാം ക്ലാസ്സിലെ സോഷ്യോളജി പാഠപുസ്തകത്തിലാണ് വിദ്യാഭ്യാസ വകുപ്പ് വിവാദമായ ഭാഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്.


Also read ചിരിയുടെ ‘മുതലാളി’ അരങ്ങൊഴിഞ്ഞിട്ട് ഏഴു വര്‍ഷം


സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ സംസ്ഥാന ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ കീഴിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീധനം സാമൂഹ്യ തിന്മയാണ്എന്നു പഠിപ്പിക്കാന്‍ ഉള്‍പ്പെടുത്തിയ ഭാഗത്തിലാണ് വിവാദഭാഗം ഉള്‍പ്പെട്ടിട്ടുള്ളത്.

വിവാഹപ്രയമായ ഒരു പെണ്‍കുട്ടിക്ക് സൗന്ദര്യമില്ലെങ്കിലോ, അംഗവൈകല്ല്യമുള്ളവളോ ആണെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ പ്രയാസമായിരിക്കുമെന്നും ഇതിനാല്‍ വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുമെന്നും പാഠഭാഗത്തില്‍ പറയുന്നു. പെണ്‍കുട്ടിയുടെ വൈരൂപ്യം കാരണം വരന്റെ വീട്ടുകാരുടെ മുന്നില്‍ നിസ്സഹായരാവുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം നല്‍കുന്നുവെന്നും സ്ത്രീധനം നിലനില്‍ക്കാന്‍ കാരണം ഇതാണെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.

text

2013ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പ് 2016ലും ഇറക്കിയിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ട കോളേജ് അധ്യാപകരാണ് വിഷയം ചര്‍ച്ചയാക്കിയത്. സംഭവം വിവാദമായെങ്കിലും ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡേ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ അധികൃതരോട് വിശദീകരണം തേടിയതായി വിദ്യാഭ്യാസ വകുപ്പ് അധ്യക്ഷന്‍ ജി.കെ മമനെ പറഞ്ഞു. വിഷയം അടിയന്തിരമായി ബോര്‍ഡ് സ്റ്റഡീസുമായി ചര്‍ച്ചചെയ്യുമെന്നും മമനെ പറഞ്ഞു.