ന്യൂദല്‍ഹി: രാജ്യത്ത് ജനാധിപത്യം വേദകാലം മുതല്‍ നിലനിന്നിരുന്നുവെന്ന ആശയം ഉയര്‍ത്തിക്കാണിക്കാനായി ഭരണഘടനാ ദിനമായ നവംബര്‍ 26ന് ‘ഇന്ത്യ; ജനാധിപത്യത്തിന്റെ മാതാവ്’ എന്ന വിഷയത്തില്‍ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും സെമിനാറുകള്‍ സംഘടിപ്പിക്കണമെന്ന് യു.ജി.സി നിര്‍ദേശം.
ഈ വിഷയത്തില്‍ സെമിനാര്‍ നടത്താനായി യൂണിവേഴ്‌സിറ്റികളെ പ്രാത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ജി.സി ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചുവെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് യു.ജി.സിയുടെ ഈ നീക്കം.
റിപ്പോര്‍ട്ട് അനുസരിച്ച് യൂണിവേഴ്‌സിറ്റികളില്‍ സെമിനാര്‍ നടത്താനായി 15 വിഷയങ്ങള്‍ യു.ജി.സി നല്‍കിയിട്ടുണ്ട്. കണ്‍സെപ്റ്റ് ഓഫ് ഐഡിയല്‍ കിങ്-ഭഗവത് ഗീത, ഇന്ത്യാസ് ലോക് തന്ത്ര (സ്വയംഭരണം), ജനാധിപത്യത്തിന്റെ തുടക്കക്കാരായ ഹാരപ്പന്‍സ്, ഖാപ് പഞ്ചായത്തുകളും അവയുടെ ജനാധിപത്യ പാരമ്പര്യവും, തുടങ്ങിയ വിഷയങ്ങളാണ് അതില്‍ പ്രധാനപ്പെട്ടവ.
നവംബര്‍ 26ന് പുറമേ നവംബര്‍ 15 മുതല്‍ 30 വരെ യൂണിവേഴ്‌സിറ്റികളില്‍ പ്രത്യേക സെമിനാറുകള്‍ സംഘടിപ്പിക്കാനും യു.ജി.സി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് 45ല്‍ അധികം കേന്ദ്ര സര്‍വകലാശാലകള്‍ക്കും 45 ഡീംഡ് സര്‍വകലാശാലകള്‍ക്കും യു.ജി.സി ചെയര്‍മാന്‍ കത്തയച്ചിരുന്നു.
‘ഭാരതത്തിലെ ജനാധിപത്യ സംവിധാനങ്ങള്‍ വേദകാലം മുതല്‍ പരിണമിച്ച് വരുന്നതാണ്. അടുത്തകാലത്ത് നടന്ന പുരാവസ്തു പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന് 5000 ബി.സി മുതലുള്ള ചരിത്രമുണ്ടെന്നാണ്.
ഇതെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ഭരണരീതി ജനാധിപത്യമായിരുന്നു എന്നാണ്. രാജവാഴ്ചയായിരുന്നു നിലനിന്നിരുന്നത് എന്നത് പൊതുധാരണ മാത്രമാണ്,’ എന്ന് യു.ജി.സി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ അയച്ച കത്തില്‍ പറയുന്നതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
30 എഴുത്തുകാരുടെ 30 അധ്യായങ്ങളടങ്ങിയ ‘ഭാരത്: ലോക് തന്ത്രാ കി ജനനി’ എന്ന പുസ്തകം ഇതിന്റെ ഭാഗമായി പുറത്തിറക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസേര്‍ച്ചും (ഐ.സി.എച്ച്.ആര്‍) അറിയിച്ചു.