| Sunday, 3rd September 2023, 8:08 am

സ്വകാര്യ വിവരങ്ങള്‍ ചോരാന്‍ സാധ്യത; സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് യു.ജി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് യുൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍. സര്‍വകലാശാകള്‍ക്ക് യു.ജി.സി സെക്രട്ടറി മനീഷ് ജോഷി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രൊവിഷണല്‍, ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ത്ഥികളുടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുത് എന്നാണ് കത്തിലുള്ളത്.

സ്വകാര്യ വിവിരങ്ങള്‍ ചോരാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യു.ജി.സി നടപടി. ആധാര്‍ നമ്പര്‍ ഭാഗികമായി മറച്ചുവെച്ചോ ബ്ലാക്ക്ഔട്ട് ചെയ്‌തോ അല്ലാതെ പ്രസിദ്ധീകരിക്കരുത് എന്നാണ് കത്തിലുളള്ളത്. സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പര്‍ പൂര്‍ണമായും എഴുതാന്‍ ചില സംസ്ഥാന സര്‍ക്കാറുകള്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് യു.ജി.സി സര്‍വകലാശാലകള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും യു.ഐ.ഡി.എ.ഐ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് യു.ജി.സിയുടെ കത്ത് വ്യക്തമാക്കുന്നത്.

സെപ്തംബര്‍ ഒന്നിനാണ് രാജ്യത്തെ സര്‍വ്വകലാശാലകള്‍ക്ക് യു.ജി.സി സെക്രട്ടറി ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കാണിച്ച് കത്ത് നല്‍കിയിരിക്കുന്നത്.

content highlights; UGC says not to advertise Aadhaar number on certificates

We use cookies to give you the best possible experience. Learn more