ന്യൂദല്‍ഹി: വിവേചനത്തിന്റെ നിര്‍വചനം പുനര്‍നിര്‍വചിച്ച് യുണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍. രാജ്യത്തെ ക്യാമ്പസുകളില്‍ വിവേചനം പുനര്‍നിര്‍വചിക്കുകയും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനും പ്രത്യേക നാമകരണം ചെയ്താണ് യു.ജി.സി പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയത്.
പുതിയ വിജ്ഞാപനം പ്രകാരം ഇക്വിറ്റി കമ്മിറ്റിയും തെറ്റായ പരാതികള്‍ക്ക് ശിക്ഷയും നിര്‍ദേശിക്കുന്നുണ്ട്. 2012ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമായാണ് പുതിയ നിര്‍ദേശം.
2012ലെ മാര്‍ഗനിര്‍ദേശത്തില്‍ ഏതെങ്കിലുമുള്ള വേര്‍തിരിവ്, ഒഴിവാക്കല്‍, പരിമിതപ്പെടുത്തല്‍ അല്ലെങ്കില്‍ മുന്‍ഗണന എന്നാണ് വിവേചനത്തെ നിര്‍വചിക്കുന്നത്. ജാതി, മതം, വംശം, ലിംഗഭേദം, ഭിന്നശേഷി എന്നിവയും വിവേചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം പുതിയ നിര്‍ദേശത്തില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനമെന്നത് എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാത്രം ജാതിയുടെയോ ഗോത്രത്തിന്റെയോ അടിസ്ഥാനത്തിലോ ഉണ്ടാവുന്ന വിവേചനമെന്ന് ചുരുക്കിയതായാണ് റിപ്പോര്‍ട്ട്.
യു.ജി.സി നിയമിച്ച പ്രൊഫസര്‍ ശൈലേഷ് എന്‍. സാലയുടെ സമിതിയാണ് കരട് പുറത്തിറക്കിയത്. കരട് എസ്.സി-എസ്.ടി വിഭാഗത്തില്‍പ്പെടാത്ത വിദ്യാര്‍ത്ഥി നേരിടേണ്ടി വരുന്ന വിവേചനത്തെ വ്യക്തമായി അഭിസംബോധന ചെയ്യുന്നില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്.
അതേസമയം വിവേചനത്തിനെതിരായി പരാതി കൈകാര്യം ചെയ്യാനുള്ള കമ്മിറ്റികള്‍ ഇവ തെറ്റായാണ് കൈകാര്യം ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും ആക്ഷേപമുണ്ട്. തെറ്റായ പരാതി എന്താണെന്ന് നിര്‍വചിക്കാതെയാണ് തെറ്റായ പരാതി നല്‍കുന്നവര്‍ക്കെതിരെ പിഴയും അച്ചടക്ക നടപടിയും വ്യവസ്ഥ ചെയ്യുന്നതെന്നും വിമര്‍ശനമുണ്ട്.
പരീക്ഷയില്‍ നേടുന്ന റാങ്ക്, സംവരണ നില തുടങ്ങിയ കാര്യങ്ങളിലുള്ള വിവേചനത്തെയും മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
സുപ്രീം കോടതിയുടെ ഇടപെടലിനെ തുര്‍ന്നായിരുന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം ചെറുക്കാനാവശ്യമായ മാര്‍ഗനിര്‍ദേശമിറക്കാന്‍ യു.ജി.സി തയ്യാറായതെന്നും മാര്‍ച്ച് 30വരെ പൊതുജനങ്ങള്‍ക്ക് കരടിലെ ഭേദഗതിക്ക് നിര്‍ദേശിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.ജി.സിയുടെ മാര്‍ഗനിര്‍ദേശത്തിലെ അവ്യക്തതയ്ക്ക് കാരണം അസമത്വം നിലനിര്‍ത്താനുള്ള ശ്രമമാണെന്ന് ആക്ടിവിസ്റ്റുകള്‍ വിമര്‍ശിച്ചു. എന്നാല്‍ 2012ലെ നിര്‍ദേശങ്ങള്‍ പ്രകാരം പല പരാതികളും തള്ളി പോവാന്‍ ഇടയായിട്ടുണ്ടെന്നും ദുര്‍ബലരായ വിഭാഗങ്ങളെ സംരക്ഷിക്കാനാണ് പുതിയ നിര്‍ദേശമെന്നുമാണ് അധികൃതര്‍ പറയുന്നത്.
Content Highlight: UGC redefines discrimination guidelines; Criticized as vague