തൃശൂര്‍: അധ്യാപിക ദീപാ നിശാന്ത് കോപ്പിയടിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് തൃശൂര്‍ കേരള വര്‍മ്മ കോളജിലെ പ്രിന്‍സിപ്പലിന് യു.ജി.സിയുടെ നോട്ടീസ്. കലേഷിന്റെ കവിത ദീപ മോഷ്ടിച്ച വിഷയവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് യു.ജി.സി ആവശ്യപ്പെട്ടത്.
ദീപാനിശാന്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്ത് ലഭിച്ച പരാതിയിലാണ് യു.ജി.സിയുടെ ഇടപെടല്‍.
ഇക്കാര്യത്തില്‍ കോളജ് മാനേജ്‌മെന്റിന്റെ നിലപാട് എന്തായിരുന്നെന്നും കോളജ് തലത്തില്‍ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അത് അറിയിക്കണമെന്നും യു.ജി.സി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്. കലേഷിന്റെ 2011ല്‍ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ’ എന്ന കവിത അതേപടിയും, മറ്റു ചിലയിടത്ത് വെട്ടിക്കളഞ്ഞു ദീപ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. 2011 മാര്‍ച്ച് നാലിന് കവിത സ്വന്തം ബ്ലോഗിലും മാധ്യമത്തിലും പ്രസിദ്ധീകരിച്ചതിനുള്ള തെളിവുകളും കലേഷ് പുറത്തു വിട്ടിരുന്നു.
രണ്ട് കവിതകളുടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ദീപ നിഷാന്ത് വിഷയത്തില്‍ പ്രതികരിക്കണമെന്നും ദീപാ നിഷാന്ത് കവിത കോപ്പി അടിച്ചതാണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ദീപാ നിശാന്ത് സത്യം തുറന്നു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കലേഷ് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ആരോപണം തള്ളിയ ദീപ നിശാന്ത് പിന്നീട് കലേഷിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു.
കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയില്‍ തനിക്ക് മനസ്സിലാവുമെന്നും അക്കാര്യത്തില്‍ താനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണെന്നും ദീപ നിശാന്ത് പറഞ്ഞിരുന്നു. തന്റെ പേരില്‍ വരുന്ന ഓരോ വാക്കിനും ഞാന്‍ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തില്‍ ക്ഷമചോദിക്കുന്നുവെന്നും ഈ വിവാദം ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദീപ നിശാന്ത് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പില്‍ പറഞ്ഞിരുന്നു.
കലേഷ് നല്ല കവിയാണ്. കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോള്‍ തനിക്കുണ്ട്.” ഇപ്പോള്‍ ”എന്നെടുത്തു പറഞ്ഞത് ഇന്നലെ വരെ ഉണ്ടായിരുന്നില്ല എന്ന കുറ്റബോധത്തിന്റെ കൂടി നിഴലില്‍ നിന്നു കൊണ്ടു തന്നെയാണ്. ആ കവിത കലേഷിന്റേതല്ല എന്ന് ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ആ ബോധ്യമെന്നും ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.
കലേഷിന്റെ കവിത ശ്രീചിത്രന്‍ എം.ജെ തന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദീപയ്ക്ക് നല്‍കുകയാണുണ്ടായതെന്ന് അവര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.