യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചു
national news
യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th April 2021, 5:08 pm

ന്യൂദല്‍ഹി: മെയ് 2 മുതല്‍ 17 വരെ 81 വിഷയങ്ങളിലായി നടത്താനിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്‌റിയാല്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. പരീക്ഷയുടെ 15 ദിവസം മുന്‍പെങ്കിലും പുതിയ തിയ്യതി പ്രഖ്യാപിക്കുമെന്ന് അറിയിപ്പില്‍ പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പിജി, ജെ.ഇ.ഇ മെയ്ന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. നേരത്തെ, സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നു.

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 2,59,170 പുതിയ കേസുകളാണ് ചൊവ്വാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 1761 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1,53,21,089 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 20,31,977 ആണ്. 1,80,530 ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.