| Friday, 21st June 2024, 3:51 pm

നെറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പര്‍ ഡാര്‍ക്ക് വെബില്‍ വിറ്റത് ആറ് ലക്ഷം രൂപക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.ജി.സി-നെറ്റ് പരീക്ഷ ക്രമക്കേടില്‍ ചോദ്യപേപ്പര്‍ ഡാര്‍ക്ക് വെബില്‍ വിറ്റത് ആറ് ലക്ഷം രൂപക്കെന്ന് റിപ്പോര്‍ട്ട്. പരീക്ഷ നടക്കുന്നതിന്റെ 48 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ടെലിഗ്രാമിലടക്കം ചോര്‍ന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. എന്നാല്‍ എവിടെ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് കണ്ടെത്താന്‍ സി.ബി.ഐക്ക് സാധിച്ചിട്ടില്ല. ഇതിന് വേണ്ടിയുള്ള അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നതായും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

ചില നെറ്റ് കോച്ചിങ് സെന്ററുകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് സി.ബി.ഐയുടെ നിഗമനം. സംശയമുള്ള കോച്ചിങ് സെന്ററുകള്‍ നിരീക്ഷണത്തിലാണെന്നും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് സി.ബി.ഐ നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേസെടുത്തിരിക്കുന്നത്. ജൂണ്‍ 18ന് രാത്രിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്ടിങ് ഏജന്‍സി സംശയ മുനയിൽ നില്‍ക്കുന്നതിനിടെയായിരുന്നു നെറ്റിലും ക്രമക്കേട് നടന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ടെലി​ഗ്രാം വഴി ചോർന്നെന്ന് നേരത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സമ്മതിച്ചിരുന്നു. ടെലിഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ യഥാർത്ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നതായി വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ കേന്ദ്ര മന്ത്രി പറഞ്ഞു.

നെറ്റ് പരീക്ഷയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചില പ്രദേശങ്ങളിൽ പിഴവുകൾ സംഭവിച്ചെന്ന് ഇതുവരെ നടന്ന അന്വേഷണത്തിൽ നിന്ന് വ്യക്തമായന്നെും മന്ത്രി കൂട്ടിച്ചേർത്തു. നീറ്റ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കുന്ന ബീഹാർ പൊലീസുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് പരീക്ഷ റദ്ദാക്കാൻ കേന്ദ്രം തീരുമാനിച്ചത്. രണ്ട് ഷിഫ്റ്റുകളിലായി 11 ലക്ഷം വിദ്യാർത്ഥികളാണ് ചൊവ്വാഴ്ച നീറ്റ് പരീക്ഷ എഴുതിയത്.

അതിനിടെ, ബീഹാറിൽ നിന്ന് നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളിലൊരാൾ പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് ചോദ്യപേപ്പർ ലഭിച്ചെന്നും തനിക്ക് ലഭിച്ച ചോദ്യപേപ്പറിലെ ഭൂരിഭാ​ഗം ചോദ്യങ്ങളും പരീക്ഷയിൽ ചോദിച്ചെന്നും മൊഴി നൽകിയിരുന്നു. തന്റെ ബന്ധു വഴിയാണ് ചോദ്യപേപ്പർ ലഭിച്ചതെന്നും വിദ്യാർത്ഥി സമ്മതിച്ചു.

ചോദ്യപേപ്പറിന് വേണ്ടി 30 മുതൽ 32 ലക്ഷം രൂപ വരെ ഇടനിലക്കാർ ചോദിച്ചെന്നും വിദ്യാർത്ഥികൾ മൊഴി നൽകി. കേസിൽ ഇതുവരെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.

Content Highlight: UGC-NET exam question paper sold for 6 lakh on dark web

We use cookies to give you the best possible experience. Learn more