തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ ദേശീയ പ്രക്ഷോഭം നയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. യു.ജി.സി കരട് വിജ്ഞാപനത്തിനെതിരെ മറ്റ് സംസ്ഥാനങ്ങളെയും കൂട്ടിച്ചേര്‍ത്ത് സമരമുഖത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു.
വി.സി നിയമനത്തിലടക്കം ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന യു.ജി.സി കരട് വിജ്ഞാപനത്തിനെതിരെ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരെയടക്കം പങ്കെടുപ്പിച്ച് ഫെബ്രുവരി 20ന് വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ ആഗ്രഹിക്കുന്ന മുന്‍ വി.സിമാരടക്കം ദേശീയ തലത്തിലുള്ള വിദ്യാഭ്യാസ വിചക്ഷണരും രാഷ്ട്രീയ, സാമൂഹിക, അക്കാദമിക നേതൃത്വങ്ങളും വിദ്യാഭ്യാസ തത്പ്പരരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.
അധ്യാപകരുടെ യു.ജി.സി ശമ്പളവിഹിതത്തിലടക്കം നേരത്തേയുള്ള പരിമിതമായ പങ്കാളിത്തം പോലും കേന്ദ്രസര്‍ക്കാരിന് ഇപ്പോഴില്ലെന്നും സര്‍വകലാശാല അധികാരങ്ങളിലേക്ക് കേന്ദ്രത്തിന് പൂര്‍ണമായും കടന്നുകയറാനുള്ള ശ്രമമാണ് കരട് വിജ്ഞാപനമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ യു.ജി.സി കരടിനെതിരെ സംസ്ഥാനം ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാനങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്ന യു.ജി.സി കരട് ചട്ടം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം ഇതിന് മുന്നോടിയായി കേന്ദ്രത്തിനും ഇതര സംസ്ഥാനങ്ങള്‍ക്കും കത്തെഴുതിയിരുന്നു.
അക്കാദമിക പരിചയമില്ലാത്തവര്‍ക്ക് വൈസ് ചാന്‍സിലറാകാമെന്നും സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച് വി.സിയെ ചാന്‍സിലര്‍ക്ക് നേരിട്ട് നിയമിക്കാമെന്നുമുള്‍പ്പെടെയുള്ള പരിഷ്‌ക്കരണങ്ങളാണ് യു.ജി.സി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നത്.
അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് നെറ്റ് ആവശ്യമില്ലെന്നും ബിരുദത്തിന് 75 ശതമാനം മാര്‍ക്കോ ബിരുദാനനന്തര ബിരുദത്തിന് 65 ശതമാനം മാര്‍ക്കോ മതിയെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.
Content Highlight: UGC Draft Notification; Will start agitation at national level: R. Bindu