ന്യൂദല്‍ഹി: സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ഷികദിനം ആചരിക്കാന്‍ രാജ്യത്തെ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യു.ജി.സിയുടെ നിര്‍ദ്ദേശം. സെപ്തംബര്‍ 29 “സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിന”മായി ആചരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സൈന്യത്തിന്റെ ധീര പ്രവൃത്തികളെക്കുറിച്ച് മുന്‍ സൈനികര്‍ നടത്തുന്ന പ്രഭാഷണങ്ങള്‍, പ്രത്യേക പരേഡുകള്‍, പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കല്‍, സൈന്യത്തിന് പിന്തുണയറിയിച്ചുകൊണ്ടുള്ള ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അയയ്ക്കല്‍ എന്നിവയടക്കം വിപുലമായ പരിപാടികളടങ്ങുന്നതാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനാചരണത്തിനായി യു.ജി.സി മുന്നോട്ടു വച്ചിരിക്കുന്ന പദ്ധതി.
എന്‍.സി.സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രത്യേക പരേഡ് ഉണ്ടായിരിക്കും. അതിര്‍ത്തി സംരക്ഷണത്തിനെക്കുറിച്ച് എന്‍.സി.സി കമാന്‍ഡര്‍ വിദ്യാര്‍ത്ഥികളോടു സംസാരിക്കും. അന്നേദിവസം ഇന്ത്യാ ഗേറ്റില്‍ നടക്കുന്ന മള്‍ട്ടി മീഡിയ പ്രസന്റേഷനു സമാനമായ രീതിയില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രധാന നഗരങ്ങളിലും നടത്തണം – വൈസ് ചാന്‍സലര്‍മാര്‍ക്ക് യു.ജി.സി അയച്ച കത്തില്‍ പറയുന്നു.
പരിപാടികളില്‍ സംബന്ധിക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. സൈന്യത്തിന് പിന്തുണയറിയിച്ച് വിദ്യാര്‍ത്ഥികള്‍ എഴുതുന്ന കത്തുകള്‍ ഡിഫന്‍സ് പി.ആര്‍.ഒയ്ക്കും പി.ഐ.ബിക്കും കൈമാറി, വിവിധ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും നീക്കമുണ്ട്.