ന്യൂദല്‍ഹി: എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള കേന്ദ്രതീരുമാനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വെക്കാന്‍ നിര്‍ദേശിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി).
സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ചയാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച യു.ജി.സിയുടെ കത്ത് ലഭിച്ചത്. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിച്ചാണ് ഇതെന്നാണ് കത്തില്‍ പറയുന്നത്.
ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പോസ്റ്ററില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയ്‌ക്കൊപ്പം ‘എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ക്യാംപെയിന്‍, നന്ദി പി.എം. മോദി’ (‘Vaccines for all, free for all, world’s largest free vaccination campaign, Thank you, PM Modi) എന്നാണ് എഴുതേണ്ടതെന്ന് നിര്‍ദേശമുണ്ട്.
ദല്‍ഹി യൂണിവേഴ്‌സിറ്റി യു.ജി.സി. നിര്‍ദേശം പാലിച്ച് നോര്‍ത്ത്, സൗത്ത് ക്യാംപസുകളില്‍ ബോര്‍ഡ് സ്ഥാപിക്കുമെന്നാണ് വൈസ് ചാന്‍സിലര്‍ പി.സി. ജോഷി അറിയിച്ചത്.
ദല്‍ഹിയിലെ ജാമിഅ മിലിയ യൂണിവേഴ്‌സിറ്റിയും ഇത്തരം ഒരു സന്ദേശം ലഭിച്ചതായി സ്ഥിരീകരിച്ചു.
ജൂണ്‍ 21 മുതലാണ് രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നത് നടപ്പിലാക്കിയത്. നേരത്തെ രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് പ്രഖ്യാപിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: UGC asks institutions to put up banners thanking PM for free vaccination