ഉഗാണ്ട: ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന ഉഗാണ്ട പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ വിജയിയായി നിലവിലെ പ്രസിഡന്റ് യോവേരി മുസേവേനിയെ ഇലക്ട്രല്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂര്‍ണ്ണമായും അട്ടിമറിച്ചുകൊണ്ടാണ് 35 വര്‍ഷമായി പ്രസിഡന്റായി തുടരുന്ന യോവേരിയെ തന്നെ വീണ്ടും തെരഞ്ഞെടുത്തതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
76കാരനായ മുസേവേനിയുടെ വര്‍ഷങ്ങള്‍ നീണ്ട ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത് മുതല്‍ ഇടതുപക്ഷ നേതാവായ ബോബി വൈനെതിരെ കര്‍ശന നടപടികളായിരുന്നു നിലവിലെ ഭരണകൂടം സ്വീകരിച്ചത്.
ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വൈനിന്റെ വസതിക്ക് മുന്നില്‍ വന്‍ പൊലീസ് സേനയെ വിന്യസിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. തന്നെ തടവിലാക്കിയിരിക്കുകയാണെന്നും ജീവന്‍ അപകടത്തിലാണെന്നും വൈന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. പക്ഷെ വൈനിന്റെ സുരക്ഷക്കായി സേനയുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് പൊലീസിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടിയില്‍ ബോബി വൈനിന്റെ ഡ്രൈവര്‍ ഉഗാണ്ടന്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചു. വൈനിന്റെ സംഘത്തിലെ ഇരുപതോളം പേരാണ് ഇത്തരത്തില്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റും വെച്ചാണ് അദ്ദേഹം പ്രചാരണം നടത്തിയത്. അദ്ദേഹത്തിന്റെ പോളിംഗ് ഏജന്റുമാരില്‍ മിക്കവാറും പേരും ജയിലിലാണ്.
ഉഗാണ്ടയിലെ തെരഞ്ഞെടുപ്പില്‍ മുഴുനീള അട്ടിമറികളും അക്രമവും നടന്നുവെന്നും എതിര്‍സ്ഥാനാര്‍ത്ഥികളെയും സാമൂഹ്യപ്രവര്‍ത്തകരെയും തടവിലാക്കിയെന്നും തുടക്കം മുതലേ ലോകരാഷ്ട്രങ്ങളടക്കം വിമര്‍ശിച്ചിരുന്നു.
വോട്ടെടുപ്പിന് ഒരു ദിവസം മുന്‍പ്, ബുധനാഴ്ച ഉഗാണ്ടയില്‍ അനിശ്ചിത കാലത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചിരുന്നു. ചൊവ്വാഴ്ച തന്നെ എല്ലാ സമൂഹമാധ്യമങ്ങളും മെസേജിംഗ് ആപ്പുകളും നിരോധിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക