2024 ഐ.സി.സി ടി-20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട. വ്യാഴാഴ്ച വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ റുവാണ്ടക്കെതിരെ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ക്രെയ്ന്‍സ് വിജയിച്ചുകയറിയത്. റുവാണ്ട ഉയര്‍ത്തിയ 66 റണ്‍സിന്റെ വിജയലക്ഷ്യം 71 പന്ത് ബാക്കി നില്‍ക്കവെ ഉഗാണ്ട മറികടക്കുകയായിരുന്നു.
ഇതോടെ ലോകകപ്പ് കളിക്കുന്ന അഞ്ചാമത് ആഫ്രിക്കന്‍ രാജ്യമായും ഉഗാണ്ട മാറി. ആഫ്രിക്ക ക്വാളിഫയറില്‍ നിന്നും ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത് ടീമാണ് ഉഗാണ്ട. ദിവസങ്ങള്‍ക്ക് മുമ്പ് നമീബിയയും 2024 ടി-20 ലോകകപ്പിന് യോഗ്യത നേടിയിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഉഗാണ്ട ദുര്‍ബലരായ റുവാണ്ടയെ 65 റണ്‍സിന് ഓള്‍ ഔട്ടാക്കി. രണ്ട് താരങ്ങള്‍ മാത്രമാണ് റുവാണ്ടന്‍ നിരയില്‍ രണ്ടക്കം കണ്ടത്.
22 പന്തില്‍ 19 റണ്‍സ് നേടിയ എറിക് ഡുസിംഗിസിമാനയാണ് റുവാണ്ടയുടെ ടോപ് സ്‌കോറര്‍. 24 പന്തില്‍ 11 റണ്‍സ് നേടി മുഹമ്മദ് നാദിറാണ് റുവാണ്ടന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം.
ഉഗാണ്ടക്കായി അല്‍പേഷ് രംജാനി രണ്ട് മെയ്ഡന്‍ അടക്കം മൂന്ന് ഓവര്‍ പന്തെറിഞ്ഞ് ഒറ്റ റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ ബ്രയാന്‍ മസാബയും ഹെന്റി സെന്യോന്‍ഡോയും ദിനേഷ് നാക്രാണിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റിയാസത് അലി ഷായാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉഗാണ്ട 8.1 ഓവറില്‍ ഒറ്റ വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.
അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ ലോകകപ്പിന്റെ ആതിഥേയരായതോടെ നേരിട്ട് യോഗ്യത നേടിയിരുന്നു.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു.
അയര്‍ലന്‍ഡും സ്‌കോട്‌ലാന്‍ഡും യൂറോപ്യന്‍ ക്വാളിഫയര്‍ ജയിച്ച് സ്ഥാനമുറപ്പിച്ചപ്പോള്‍ ഏഷ്യന്‍ ക്വാളിഫയേഴ്സ് ജയിച്ച് നേപ്പാളും ഒമാനും ലോകകപ്പിന് യോഗ്യത നേടി.
ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയറില്‍ നിന്നും പാപ്പുവാ ന്യൂഗിനിയയും അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും കാനഡയുമാണ് ലോകകപ്പിനെത്തുക.