കാമുകൻ തീകൊളുത്തി; ഉഗാണ്ടൻ ഒളിമ്പ്യൻ താരം റെബേക്ക ചെപ്‌റ്റെഗെ അന്തരിച്ചു
World News
കാമുകൻ തീകൊളുത്തി; ഉഗാണ്ടൻ ഒളിമ്പ്യൻ താരം റെബേക്ക ചെപ്‌റ്റെഗെ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2024, 8:08 pm

കമ്പാല: കാമുകൻ തീകൊളുത്തിയതിന് പിന്നാലെ ചികിത്സയിലായിരുന്ന ഉഗാണ്ടൻ ഒളിമ്പിക്‌സ് അത്‌ലറ്റ് റെബേക്ക ചെപ്‌റ്റെഗെ അന്തരിച്ചു. ശരീരത്തിന്റെ 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് കെനിയൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചെപ്‌റ്റേഗെ (33) മരിച്ചത്. തൻ്റെ രണ്ട് കുഞ്ഞുങ്ങളുമായി പള്ളിയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു ആക്രമണം കാമുകനായ ഡിക്‌സൺ എൻഡീമ ചെപ്‌റ്റെഗെയെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ അയൽക്കാർ ചെപ്‌റ്റെഗെയെ രക്ഷിക്കുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റതിന് പിന്നാലെ അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് മരിക്കുകയായിരുന്നു. ആക്രമണകാരിയായ ഡിക്‌സനും സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തുടർന്ന് ചെപ്‌റ്റെഗെയെ ചികിത്സിച്ച അതേ ആശുപത്രിയിൽ ഡിക്സനെയും പ്രവേശിപ്പിച്ചു.

കെനിയയിലെ അറിയപ്പെടുന്ന അത്‌ലറ്റിക് പരിശീലന കേന്ദ്രത്തിന് സമീപം ട്രാൻസ് എൻസോയ കൗണ്ടിയിൽ റെബേക്ക വാങ്ങിയ സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.

‘ഞങ്ങളുടെ ഒളിമ്പിക് അത്‌ലറ്റ് റെബേക്ക ചെപ്‌റ്റേഗെ അവളുടെ കാമുകൻ്റെ ക്രൂരമായ ആക്രമണത്തെത്തുടർന്ന് അന്തരിച്ച ദുഖകരമായ വിവരം ഞങ്ങൾ എല്ലാവരെയും അറിയിക്കുന്നു ,’ ഉഗാണ്ട ഒളിമ്പിക് കമ്മിറ്റി പ്രസിഡൻ്റ് ഡൊണാൾഡ് റുകാരെ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന പാരീസ് ഒളിമ്പിക്‌സിൽ വനിതാ മാരത്തണിൽ 44-ാം സ്ഥാനത്താണ് റെബേക്ക ഫിനിഷ് ചെയ്തത്. 2022 ൽ തായ്‌ലാന്റിലെ ചിയാങ് മായിൽ നടന്ന വേൾഡ് മൗണ്ടൻ ആൻഡ് ട്രയൽ റണ്ണിങ് ചാമ്പ്യൻഷിപ്പിൽ അവർ സ്വർണം നേടിയിരുന്നു.

2021 ഒക്‌ടോബറിനുശേഷം കെനിയയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ വനിതാ അത്‌ലറ്റാണ് ചെപ്‌റ്റെഗെ.

കെനിയൻ അത്‌ലറ്റ് ഡമാരിസ് മുതുവയുടെ കൊലപാതകത്തിനും റെക്കോർഡ് ബ്രേക്കിങ് ഓട്ടകാരിയായ ആഗ്നസ് ടിറോപ്പിൻ്റെ മരണത്തിനും പിന്നാലെയാണ് ഈ സംഭവം. രണ്ട് കേസുകളിലും, അവരുടെ പങ്കാളികളാണ് ആക്രമണം നടത്തിയത്. ടിറോപ്പിൻ്റെ പങ്കാളി കൊലപാതകക്കുറ്റത്തിന് ജയിലിലാണ്. അതേസമയം മുതുവയുടെ കാമുകൻ ഇപ്പോഴും ഒളിവിലാണ്.

കെനിയൻ ബ്യൂറോ ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്  വെളിപ്പെടുത്തുന്നത് 34 ശതമാനം സ്ത്രീകളും 15 വയസ്സ് മുതൽ ശാരീരിക പീഡനം അനുഭവിച്ചിട്ടുണ്ട് എന്നാണ്.  വിവാഹിതരായ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും വളരെയധികമാണ്. രാജ്യത്ത് വർദ്ധിച്ചുവരുന്ന അക്രമങ്ങൾ സ്ത്രീകൾക്ക് ശക്തമായ സംരക്ഷണത്തിന്റെയും സർക്കാരിന്റെ ഇടപെടലുകളുടെയും ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നു.

 

Content Highlight: Uganda Marathon Star Rebecca Cheptegei, Who Competed In Paris Olympics, Dies After Being Set On Fire By Ex-Boyfriend