യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇനി താല്‍കാലിക ഇടവേള. ഇനിയുള്ള ഒരാഴ്ച യൂറോപ്പ് യുവേഫ നേഷന്‍സ് ലീഗിന്റെ തിരക്കിലാണ്. ആദ്യ റൗണ്ട് മത്സരങ്ങളിലെ അവസാന അങ്കത്തിന് മുന്‍നിര ടീമുകള്‍ തയ്യാറായി കഴിഞ്ഞു.
ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തില്‍ ജര്‍മനിക്ക് റഷ്യയാണ് എതിരാളികള്‍. ലോകകപ്പ് മുതല്‍ ജര്‍മനിയെ ബാധിച്ച ഫോമില്ലായ്മ ഇപ്പോഴും വിട്ടുപോയിട്ടില്ല. യുവേഫ നേഷന്‍സ് ലീഗില്‍ നെതര്‍ലന്‍ഡിനെ നേരിടുന്നതിന് മുമ്പ് ജര്‍മനിക്ക് പരിശീലനക്കളരിയാണ് ഇന്നത്തെ മത്സരം.
ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ റഷ്യ നേഷന്‍സ് ലീഗിലും മിന്നും ഫോമിലാണ്. എന്നാല്‍ ബവേറിയന്‍സിന്റെ സ്ഥിതി വ്യത്യസ്ഥമാണ്. നേഷന്‍സ് ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണിയുള്ള ജര്‍മനി സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണ്.
ഡോര്‍ട്ട്മുണ്ടിനായി മിന്നും ഫോമിലുള്ള മാര്‍ക്കോ റിയൂസ് ജര്‍മന്‍ നിരയില്‍ ഇന്ന് കളിച്ചേക്കും. പരുക്കില്‍ നിന്ന് മോചിതനായ ചെല്‍സി താരം ആന്റോണിയോ റൂഡിഗര്‍, ബയേണ്‍ താരം ഗൊരെട്‌സ്‌ക എന്നിവരേയും സാധ്യതാ ടീമില്‍ ലോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പരുക്കേറ്റ ജൂലിയമന്‍ ഡ്രാക്സ്ലര്‍, മാര്‍ക് ആന്ദ്രേ ടെര്‍സ്റ്റീഗന്‍ എന്നിവരും ഫോമിലല്ലാത്ത ഡെറോം ബോട്ടെങും ഇന്ന് കളിക്കില്ല.
റഷ്യയുടെ പ്രധാന വെല്ലുവിളി പരുക്കാണ്. ലോകകപ്പ് ഹീറോകളായ മരിയോ ഫെര്‍ണാണ്ടസ്, ഡെനിസ് ചെറിഷേവ്, ആര്‍ടെം സ്യൂബ, അലക്‌സാണ്ടര്‍ ഗൊളോവിന്‍ എന്നിവര്‍ കളിക്കുമെന്നത് സംശയകരമാണ്.
കാലം മാറിയിട്ടും ഇപ്പോഴും മൈനസ് പാസിങിലും വേഗത കുറഞ്ഞ നീക്കങ്ങളും നിറഞ്ഞ ഫുട്‌ബോളാണ് ജര്‍മനിക്ക് തിരിച്ചടിയാകുന്നത്.
യുവേഫ നേഷന്‍സ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ സ്‌പെയിനിന് ക്രൊയേഷ്യയാണ് എതിരാളികള്‍. നേരത്തെ നേഷന്‍സ് ലീഗില്‍ ഇരുവരും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ എതിരില്ലാത്ത ആറ് ഗോളിന് ക്രോയേഷ്യ തോറ്റിരുന്നു.
ആദ്യ മത്സരത്തില്‍ സ്‌പെയിനിനോടേറ്റ പരാജയത്തിന് മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് പരിശീലകന്‍ ഡാലിച്ചും സംഘവും.
മറുവശത്ത് സ്‌പെയിന്‍ ഉജ്ജ്വല ഫോമിലാണ്. ലോകകപ്പിലെ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് പരിശീലകന്‍ ലൂയി എന്റിക്വെയുടെ കീഴില്‍ ടീം മറികടന്ന് കഴിഞ്ഞു.
യുവേഫ നേഷന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ ബെല്‍ജിയത്തിന് ഐസ്‌ലന്‍ഡാണ് എതിരാളികള്‍. ഓസ്ട്രിയ ബോസ്‌നിയയേയും നേരിടും.
യുവേഫ നേഷന്‍സ് ലീഗില്‍ മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് സൗഹൃദ മത്സരത്തില്‍ അമേരിക്കയെ നേരിടും. അവസാന മത്സരത്തില്‍ സ്‌പെയിനിനെ അവരുടെ നാട്ടില്‍ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുക.