| Saturday, 19th June 2021, 11:26 pm

പോര്‍ച്ചുഗല്‍ 'ഗോളടിച്ചു', ജര്‍മനി ജയിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫില്‍ പോര്‍ച്ചുഗലിനെതിരെ ജര്‍മനിയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ പടയുടെ ജയം.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആക്രമണം അഴിച്ചുവിട്ട ജര്‍മനിയെ ഞെട്ടിച്ച് പോര്‍ച്ചുഗലാണ് ആദ്യം ലീഡെടുത്തത്. 15-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്.

പക്ഷേ ഗോള്‍ വീണതോടെ ജര്‍മനി ആക്രമണം ശക്തമാക്കി. നാലു മിനിറ്റിനിടെ വീണ രണ്ട് സെല്‍ഫ് ഗോളുകളില്‍ ജര്‍മനി ലീഡെടുത്തു.

35-ാം മിനിറ്റില്‍ റൂബന്‍ ഡയസാണ് ആദ്യ സെല്‍ഫ് ഗോള്‍ വഴങ്ങിയത്. കിമ്മിച്ച് നീട്ടിനല്‍കിയ പന്തില്‍ നിന്ന് ഗോസെന്‍സ് തൊടുത്ത വോളി ബോക്സിലുണ്ടായിരുന്ന കായ് ഹാവെര്‍ട്സിന് കാല്‍പ്പാകമായിരുന്നു. പക്ഷേ തടയാനെത്തിയ ഡയസിന്റെ കാലില്‍ തട്ടി പന്ത് വലയില്‍.

റുഡിഗര്‍, ഗോസെന്‍സ്, മുള്ളര്‍ എന്നിവര്‍ ചേര്‍ന്നുള്ള ജര്‍മനിയുടെ മികച്ച മുന്നേറ്റത്തിനൊടുവിലായിരുന്നു രണ്ടാം ഗോളിന്റെ പിറവി. മുള്ളറില്‍ നിന്ന് പന്ത് ലഭിച്ച കിമ്മിച്ച് നല്‍കിയ ക്രോസ് പോര്‍ച്ചുഗീസ് താരം ഗുറെയ്റോയുടെ കാലില്‍ തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു.

രണ്ടാം പകുതിയിലും ജര്‍മനി ആക്രമണം തുടര്‍ന്നതോടെ തുടരെ തുടരെ രണ്ട് ഗോളുകള്‍ കൂടി പോര്‍ച്ചുഗല്‍ വലയില്‍ വീണു.

51-ാം മിനിറ്റില്‍ ഹാവെര്‍ട്‌സും 60-ാം മിനിറ്റില്‍ ഗോസെനുമാണ് ഗോള്‍ നേടിയത്.

ഏഴ് മിനിറ്റുകള്‍ക്കുള്ളില്‍ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചെങ്കിലും വിജയിക്കാന്‍ റൊണാള്‍ഡോയ്ക്കും സംഘത്തിനും അത് മതിയായിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: UEFA EURO 2020, Portugal vs Germany

We use cookies to give you the best possible experience. Learn more