യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫില്‍ പോര്‍ച്ചുഗലിനെതിരെ ജര്‍മനിയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ പടയുടെ ജയം.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആക്രമണം അഴിച്ചുവിട്ട ജര്‍മനിയെ ഞെട്ടിച്ച് പോര്‍ച്ചുഗലാണ് ആദ്യം ലീഡെടുത്തത്. 15-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്.
പക്ഷേ ഗോള്‍ വീണതോടെ ജര്‍മനി ആക്രമണം ശക്തമാക്കി. നാലു മിനിറ്റിനിടെ വീണ രണ്ട് സെല്‍ഫ് ഗോളുകളില്‍ ജര്‍മനി ലീഡെടുത്തു.
35-ാം മിനിറ്റില്‍ റൂബന്‍ ഡയസാണ് ആദ്യ സെല്‍ഫ് ഗോള്‍ വഴങ്ങിയത്. കിമ്മിച്ച് നീട്ടിനല്‍കിയ പന്തില്‍ നിന്ന് ഗോസെന്‍സ് തൊടുത്ത വോളി ബോക്സിലുണ്ടായിരുന്ന കായ് ഹാവെര്‍ട്സിന് കാല്‍പ്പാകമായിരുന്നു. പക്ഷേ തടയാനെത്തിയ ഡയസിന്റെ കാലില്‍ തട്ടി പന്ത് വലയില്‍.
റുഡിഗര്‍, ഗോസെന്‍സ്, മുള്ളര്‍ എന്നിവര്‍ ചേര്‍ന്നുള്ള ജര്‍മനിയുടെ മികച്ച മുന്നേറ്റത്തിനൊടുവിലായിരുന്നു രണ്ടാം ഗോളിന്റെ പിറവി. മുള്ളറില്‍ നിന്ന് പന്ത് ലഭിച്ച കിമ്മിച്ച് നല്‍കിയ ക്രോസ് പോര്‍ച്ചുഗീസ് താരം ഗുറെയ്റോയുടെ കാലില്‍ തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു.
രണ്ടാം പകുതിയിലും ജര്‍മനി ആക്രമണം തുടര്‍ന്നതോടെ തുടരെ തുടരെ രണ്ട് ഗോളുകള്‍ കൂടി പോര്‍ച്ചുഗല്‍ വലയില്‍ വീണു.