യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഒന്നാം പാദത്തില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് ആഴ്സണല്‍. ഗണ്ണേഴ്‌സിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണല്‍ വിജയിച്ചത്. ടീമിനായി ഡെക്ലാന്‍ റൈസ് രണ്ടും മൈക്കല്‍ മെറിനോ ഒരു ഗോളും നേടി.
ഇപ്പോള്‍ മത്സരത്തിലെ തോല്‍വിയില്‍ പ്രതികരിക്കുകയാണ് റയല്‍ താരം ജൂഡ് ബെല്ലിങ്ഹാം. ഭാഗ്യവശാല്‍ മൂന്ന് ഗോളുകള്‍ മാത്രമാണ് തങ്ങള്‍ വഴങ്ങിയത് എന്നാണ് താരം പറഞ്ഞത്.
‘ഭാഗ്യവശാല്‍ ഞങ്ങള്‍ മൂന്ന് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്,’ ബെല്ലിങ്ഹാം പറഞ്ഞു.
റയലിന്റെ പേര് കേട്ട മുന്നേറ്റനിരക്ക് ആഴ്സണലിന്റെ പ്രതിരോധനിരക്കെതിരെ കാര്യമായി ഒന്നും ചെയ്യാനായില്ല. എംബാപ്പെയും വിനീഷ്യസ് ജൂനിയറും ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഈ പ്രകടനങ്ങള്‍ തുടരാനായില്ല.
എംബാപ്പെയും വിനീഷ്യസും ഓരോ ഷോട്ടുകള്‍ അടിച്ചെങ്കിലും അതുഗ്രന്‍ സേവിലൂടെ ആഴ്സണല്‍ ഗോളി ഡേവിഡ് റായ രക്ഷപ്പെടുത്തി. പിന്നീട് മികച്ച ഷോട്ടുകളൊന്നും റയലിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
ജൂഡ് ബെല്ലിങ്ഹാം മത്സരത്തില്‍ തീര്‍ത്തും നിറം മങ്ങിയതും 94ാം മിനിട്ടില്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ എഡ്വേര്‍ഡോ കാമവിംഗ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും റയലിന് തിരിച്ചടിയായി.
ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ 58ാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ച് ഡെക്ലാന്‍ റൈസാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. റയല്‍ തിരിച്ചടിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. അതിനിടെ 70ാം മിനിട്ടില്‍ മറ്റൊരു ഫ്രീ കിക്ക് ഗോളുമായി റൈസ് റയലിന് വീണ്ടും പ്രഹരമേല്പിച്ചു.
ഗണ്ണേഴ്സ് അഞ്ച് മിനിട്ടിനുള്ളില്‍ വീണ്ടും സ്പാനിഷ് വമ്പന്‍മാരുടെ വല കുലുക്കി. മെറിനോയാണ് ആഴ്സണലിന്റെ മൂന്നാം ഗോള്‍ അടിച്ച് പട്ടിക പൂര്‍ത്തിയാക്കിയത്. അതോടെ മികേല്‍ ആര്‍ട്ടെറ്റയുടെ സംഘം മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തി.
മത്സരത്തില്‍ ആഴ്സണല്‍ 12 ഷോട്ടുകള്‍ അടിച്ചപ്പോള്‍ ഒമ്പതെണ്ണമാണ് റയല്‍ എതിരാളികളുടെ വലയിലേക്ക് തൊടുത്തത്. മൂന്ന് കോര്‍ണറുകള്‍ നേടായാനായെങ്കിലും അവ ഒന്നും ഗോളായി മാറ്റാന്‍ അഞ്ചലോട്ടിയുടെ സംഘത്തിനായില്ല.
2009 ന് ശേഷം ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലേക്ക് പ്രവേശിക്കാന്‍ ആഴ്സണലിന് സാധിച്ചിട്ടില്ല. രണ്ടാം പാദത്തിലും മികച്ച പ്രകടനം തുടര്‍ന്ന് സെമി ഫൈനലിലേക്കും ചാമ്പ്യന്‍സ് ലീഗിലെ ആദ്യ കിരീടം സ്വന്തമാക്കാനാകും ഗണ്ണേഴ്‌സിന്റെ ലക്ഷ്യം.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദ മത്സരം റയലിന്റെ ഹോം സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഏപ്രില്‍ 16ന് നടക്കും.
Content Highlight: UEFA Champions League: Real Madrid Midfielder Jude Bellingham Talks About The Defeat Against Arsenal