റൊണാള്‍ഡോയും സലായും നേര്‍ക്കുനേര്‍; യൂറോപ്യന്‍ ക്ലബ് രാജാക്കന്‍മാരെ ഇന്നറിയാം
Foodball
റൊണാള്‍ഡോയും സലായും നേര്‍ക്കുനേര്‍; യൂറോപ്യന്‍ ക്ലബ് രാജാക്കന്‍മാരെ ഇന്നറിയാം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th May 2018, 10:11 pm

കീവ്: യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ പുതിയ രാജാക്കന്‍മാരെ ഇന്നറിയും. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കരുത്തരായ റയല്‍ മാഡ്രിഡ് ഇന്ന് വമ്പന്‍മാരായ ലിവര്‍പൂളിനെ നേരിടും. ഇന്ത്യന്‍സമയം രാത്രി 12.15നാണ് കളി തുടങ്ങുന്ന മത്സരം റൊണാള്‍ഡോയുടെയും മുഹമ്മദ് സലായുടെയും നേര്‍ക്കുനേര്‍ പോരാട്ടംകൂടിയാണ്. ഉക്രൈന്‍ തലസ്ഥാനമായ കീവിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് ലോകകപ്പിന് തൊട്ടുമുമ്പുള്ള ആവേശപ്പോരാട്ടം.

ഹാട്രിക് നേട്ടത്തിനൊപ്പം പതിമൂന്നാം കിരീടം ലക്ഷ്യമിട്ടാണ് റയല്‍ മാഡ്രിഡ് ഇറങ്ങുന്നതെങ്കില്‍ ആറാം കിരീട നേട്ടത്തില്‍ മുത്തമിടാനാണ് ലിവര്‍പൂള്‍ ബൂട്ടുകെട്ടുന്നത്.  റയലിനായി റൊണാള്‍ഡോ, ബെന്‍സേമ, ബെയ്ല്‍ ത്രയങ്ങളിറങ്ങുമ്പോള്‍ ലിവര്‍പൂളിനായി സലാ, ഫിര്‍മിനോ, മാനേ ത്രയവും മൈതാനത്തിറങ്ങും.


Read  Also : ആകെയുള്ളത് ഒരു ലോക്‌സഭാംഗം; എന്നിട്ടും എന്തിന് മോദി നാലാം വാര്‍ഷികാഘോഷത്തിന് ഒഡിഷ തെരഞ്ഞെടുത്തു?


ഗോള്‍വേട്ടയില്‍ ഒപ്പത്തിനൊപ്പമുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മുഹമ്മദ് സലാഹിന്റെയും സ്‌കോറിംഗ് മികവിലാണ് റയല്‍ മാഡ്രിഡും ലിവര്‍പൂളും ഫൈനലിലേക്ക് മുന്നേറിയത്. 44 ഗോള്‍ വീതമാണ് ഇരുവരും ഇതുവരെ നേടിയത്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെ റൊണാള്‍ഡോ നേടിയത് 15 ഗോള്‍. സലാ 11 ഗോളും. റൊണാള്‍ഡോ സ്പാനിഷ് ലീഗില്‍ 26 ഗോള്‍ നേടിയപ്പോള്‍ സലാ പ്രീമിയര്‍ ലീഗില്‍ അടിച്ചുകൂട്ടിയത് 32 ഗോള്‍. ഇന്നത്തെ വിജയം നിര്‍ണ്ണയിക്കുന്നത് ഇവരുടെ ബൂട്ടുകള്‍ തന്നെയാകും.

ഇന്ന് ജയിച്ചാല്‍ കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോയ്ക്ക് സ്വന്തമാവും. ആന്ദ്രേസ് ഇനിയസ്റ്റ, ക്ലാരന്‍സ് സീഡോര്‍ഫ് എന്നിവര്‍ക്കൊപ്പം നാല് കിരീടവുമായി നേട്ടം പങ്കിടുകയാണിപ്പോള്‍ റൊണാള്‍ഡോ. 2008ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ യൂറോപ്യന്‍ ചാമ്പ്യനായ റൊണാള്‍ഡോ, 2014, 2016, 2017 വര്‍ഷങ്ങളില്‍ റയലിനൊപ്പവും കിരീടം സ്വന്തമാക്കി. എന്നാല്‍ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ഈജിപ്ഷ്യന്‍ താരമായ സലായുടെ ലക്ഷ്യം.

ചാമ്പ്യന്‍സ് ലീഗില്‍ ആറാം തവണയും ഇരുടീമും നേര്‍ക്കുനേര്‍ വരുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്ന് കണ്ടറിയണം.