ഇത് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മാത്രമല്ല, ജര്‍മന്‍ ഇതിഹാസങ്ങളുടെ കൂടി ഫൈനല്‍; പടിയിറങ്ങുമ്പോള്‍ വിജയം ആര്‍ക്കൊപ്പം?
Football
ഇത് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മാത്രമല്ല, ജര്‍മന്‍ ഇതിഹാസങ്ങളുടെ കൂടി ഫൈനല്‍; പടിയിറങ്ങുമ്പോള്‍ വിജയം ആര്‍ക്കൊപ്പം?
Sudev A
Saturday, 1st June 2024, 5:03 pm

2023-24 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനാണ് ഫുട്‌ബോള്‍ ലോകം കണ്ണുംനട്ടിരിക്കുന്നത്. നാളെ നടക്കുന്ന ആവേശകരമായ ഫൈനലില്‍ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടും സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡുമാണ് ഏറ്റുമുട്ടുന്നത്.

2013ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നഷ്ടമായ കിരീടം തിരിച്ചെടുക്കാനും 1997ന് ശേഷം തങ്ങളുടെ രണ്ടാം യു.സി.എല്‍ കിരീടം സിഗ്‌നല്‍ ഇഡ്യൂന പാര്‍ക്കില്‍ എത്തിക്കാനുമായിരിക്കും ഡോര്‍ട്മുണ്ട് ലക്ഷ്യമിടുക. മറുഭാഗത്ത് തങ്ങളുടെ ചരിത്രത്തിലെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാനാവും റയല്‍ മാഡ്രിഡ് അണിനിരക്കുക.

ഈ മത്സരത്തിന് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എന്നതിലുപരി മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രണ്ട് ടീമിലെയും ജര്‍മന്‍ ഇതിഹാസ താരങ്ങളുടെ അവസാന മത്സരം കൂടിയായിരിക്കും ഇത്. റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ സൂപ്പര്‍ താരം ടോണി ക്രൂസും ഡോര്‍ട്മുണ്ടിന്റെ ഇതിഹാസം മാര്‍കൊ റൂയിസും തങ്ങളുടെ ക്ലബ്ബില്‍ നിന്നും പടിയിറങ്ങുകയാണ്.

1996ല്‍ തന്റെ ഏഴാം വയസിലാണ് മാര്‍കൊ റൂയിസ് ഡോര്‍ട്മുണ്ടിന്റെ അക്കാദമിയില്‍ ചേരുന്നത്. പിന്നീട് ഒരു പതിറ്റാണ്ടിന് ശേഷം റോട്ട് വീസ് അഹ്ലെന്‍, ബൊറൂസിയ മൊന്‍ജന്‍ ഗ്ലാഡ്ബാക്ക് എന്നീ ക്ലബ്ബുകളില്‍ റൂയിസ് പന്തുതട്ടുകയും ഒടുവില്‍ 2012ല്‍ റൂയിസ് തന്റെ ബാല്യകാല ക്ലബ്ബായ ഡോര്‍ട്മുണ്ടിലെത്തുകയുമായിരുന്നു.

പിന്നീട് നീണ്ട 12 വര്‍ഷക്കാലം സിഗ്‌നല്‍ ഇഡ്യൂന പാര്‍ക്കില്‍ മഞ്ഞ ജേഴ്‌സിയില്‍ അവിസ്മരണീയമായ ഒരു കരിയര്‍ കെട്ടിപ്പടുത്തുയയര്‍ത്തുകയായിരുന്നു ജര്‍മന്‍ താരം. ഡോര്‍ട്മുണ്ടിനൊപ്പം മൂന്ന് സൂപ്പര്‍ കപ്പും രണ്ട് ഡി.എഫ്.ബി കപ്പുകളുമാണ് റൂയിസ് നേടിയിട്ടുള്ളത്. ജര്‍മന്‍ വമ്പന്‍മാര്‍ക്കായി 387 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ റൂയിസ് 161 ഗോളുകളും 121 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

കൂടെയുള്ള താരങ്ങളെല്ലാം പല വമ്പന്‍ ക്ലബ്ബുകളിലേക്കും കൂടുമാറിയപ്പോള്‍ റൂയിസ് മാത്രം ഡോര്‍ട്മുണ്ടില്‍ നിലയുറപ്പിക്കുകയായിരുന്നു. റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ഉസ്മാന്‍ ഡെമ്ബലെ, പിയറി എമെറിക് ഔബമയാങ്, മരിയോ ഗോട്‌സെ, ഏര്‍ലിങ് ഹാലണ്ട്, ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയ ഒരു പിടി മികച്ച താരങ്ങള്‍ പല ക്ലബ്ബുകളിലേക്കും ചേക്കേറിയപ്പോള്‍ റൂയിസ് മാത്രം ഡോര്‍ട്മുണ്ടിന്റെ രക്ഷകനായി സിഗ്‌നല്‍ ഇഡ്യൂന പാര്‍ക്കിന്റെ യെല്ലോ വാളിന് നടുവില്‍ നിലനില്‍ക്കുകയായിരുന്നു.

പല സീസണുകളിലും പരിക്കുകള്‍ വില്ലനായി വന്നപ്പോഴും ഡോര്‍ട്മുണ്ട് ക്ലബ്ബ് റൂയിസിനെ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. ഡോര്‍ട്മുണ്ടിന്റെ വിശ്വാസത്തിന്റെ വിജയം കൂടിയാണ് മാര്‍ക്കോ റൂയിസ്.

മറുഭാഗത്ത് മറ്റൊരു ജര്‍മന്‍ താരവും തന്റെ പ്രിയപ്പെട്ട ക്ലബ്ബിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. റയല്‍ മാഡ്രിഡിന്റെ മധ്യനിരയില്‍ എണ്ണയിട്ട യന്ത്രം പോലെ പന്ത് തട്ടിയ ജര്‍മന്‍ സ്‌നൈപ്പര്‍ ടോണി ക്രൂസും ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ അവസാന വിസില്‍ മുഴങ്ങുന്നതോടെ ലോസ് ബ്ലാങ്കോസില്‍ നിന്നും പടിയിറങ്ങും.

2013ല്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നുമാണ് ടോണി ക്രൂസ് റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ എത്തുന്നത്. ബാവേറിയന്‍സിനൊപ്പവും ലോസ് ബ്ലാങ്കസിനൊപ്പവും ടോണി വാരിക്കൂട്ടിയ കിരീടങ്ങള്‍ക്ക് കയ്യും കണക്കുമില്ല.

റയല്‍ മാഡ്രിഡിനൊപ്പം 22 കിരീടങ്ങളാണ് ജര്‍മന്‍ സ്നൈപ്പര്‍ നേടിയിട്ടുള്ളത്. നാല് യുവേഫ സൂപ്പര്‍ കപ്പുകള്‍, നാല് ലാ ലിഗ കിരീടങ്ങള്‍ ഒരു കോപ്പാ ഡെല്‍റേ, നാല് സൂപ്പര്‍ കപ്പുകള്‍ എന്നീ കിരീടങ്ങളാണ് ടോണി ക്രൂസ് സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ പന്ത് തട്ടി നേടിയെടുത്തത്.

ബയേണിനൊപ്പം ക്രൂസ് പത്ത് കിരീടങ്ങളാണ് നേടിയിട്ടുള്ളത്. മൂന്ന് ബുണ്ടസ് ലീഗ, മൂന്ന് ഡി.എഫ്.ബി കപ്പ്, ചാമ്പ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ്, ഡി.എഫ്.എല്‍ സൂപ്പര്‍ കപ്പ് കിരീടങ്ങളാണ് ടോണി നേടിയത്.

ഡോര്‍ട്മുണ്ടിനെതിരെ കളത്തിലിറങ്ങുന്നതോടുകൂടി മറ്റൊരു ചരിത്ര നേട്ടവും ക്രൂസ് സ്വന്തമാക്കും. ചാമ്പ്യന്‍സ് ലീഗില്‍ ഏഴ് ഫൈനലുകള്‍ കളിക്കുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടമാവും ടോണി സ്വന്തമാക്കുക.

2013ല്‍ ബയേണ്‍ മ്യൂണിക്കിനൊപ്പവും 2014, 2016, 2017, 2018, 2022 എന്നീ സീസണുകളില്‍ ലോസ് ബ്ലാങ്കോസിനൊപ്പം ക്രൂസ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

രണ്ട് ഇതിഹാസതാരങ്ങള്‍ തങ്ങളുടെ പ്രിയ ടീമിനൊപ്പമുള്ള സ്വപ്നതുല്യമായ യാത്ര അവസാനിക്കുന്ന ഈ സാഹചര്യത്തില്‍ ആരാവും ഫൈനലില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുക എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

റയലിന്റെയും ഡോര്‍ട്മുണ്ടിന്റെയും ഫുട്‌ബോള്‍ ചരിത്രത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ രണ്ട് ഇതിഹാസതാരങ്ങള്‍ക്കും അവസാന മത്സരത്തില്‍ കിരീടം നേടികൊടുക്കാനുള്ള ഒരുക്കത്തിലാണ് ഇരു ടീമുകളും.

Content Highlight: UEFA Champions League 2023-24 Final Marco Rues and Toni Kroos play their Last Match For Their Club

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.