ശ്രീകൃഷ്ണ മഠത്തിലെ ഇഫ്താര്‍ ഹിന്ദുക്കള്‍ക്ക് അപമാനമെന്ന് ശ്രീരാമസേന നേതാവ്; വായടപ്പിക്കുന്ന മറുപടിയുമായി മഠാധിപതി വിശ്വേഷ്തീര്‍ത്ഥ സ്വാമി
Daily News
ശ്രീകൃഷ്ണ മഠത്തിലെ ഇഫ്താര്‍ ഹിന്ദുക്കള്‍ക്ക് അപമാനമെന്ന് ശ്രീരാമസേന നേതാവ്; വായടപ്പിക്കുന്ന മറുപടിയുമായി മഠാധിപതി വിശ്വേഷ്തീര്‍ത്ഥ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th June 2017, 4:44 pm

കര്‍ണ്ണാടക: രാജ്യത്തിന്റെ മതേതര നിലപാടുകളെ ഉയര്‍ത്തിക്കാട്ടിയ ഉടുപ്പി ശ്രീകൃഷ്ണ മഠത്തിലെ ഇഫ്താര്‍ വിരുന്നിന് രാജ്യത്തിന്റെ പലഭാഗത്തു നിന്നും പ്രശംസകളെത്തിയിരുന്നു. പര്യായ ശ്രീ വിശ്വേഷ്തീര്‍ത്ഥ സ്വാമിയുടെ നേതൃത്വത്തില്‍ സൗഹാര്‍ദ്ര കൂട്ടം എന്ന പേരില്‍ നടന്ന ഇഫ്താര്‍ വിരുന്നിനെതിരേയും സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ശ്രീരാമസേനയാണ് ഇഫ്താര്‍ വിരുന്നിനെതിരെ രംഗത്തെത്തിയത്. വിരുന്ന നടത്തിയ കൃഷ്ണ മഠത്തിനും സ്വാമിയ്ക്കുമെതിരെ രൂക്ഷവിമര്‍ശനുമായാണ് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖ് രംഗത്തെത്തിയത്. വിരുന്ന് ഹിന്ദുക്കള്‍ക്ക് തന്നെ അപമാനമാണെന്നായിരുന്നു പ്രമോദ് മുത്തലിഖിന്റെ വിമര്‍ശനം.

പേജാവാറിലെ മഠാധിപതിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു പ്രമോദിന്റെ പ്രതികരണം. മഠത്തില്‍ ഭാവിയില്‍ ഇത്തരത്തില്‍ ഇഫ്താര്‍ വിരുന്ന് നടത്തരുതെന്ന് വിശ്വേഷ് തീര്‍ത്ഥ സ്വാമിയ്ക്ക് അദ്ദേഹം മുന്നറിയിപ്പും നല്‍കുകയായിരുന്നു.


Also Read: മോദിയും ട്രംപും ഇഫ്താര്‍ സംഗമം ഒഴിവാക്കിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഇഫ്താറിനും നിസ്‌കാരത്തിനും വേദിയൊരുക്കി ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം


“രണ്ട് ദിവസം മുമ്പാണ് ശ്രീകൃഷ്ണ മഠത്തില്‍ ഇഫ്താര്‍ വിരുന്ന നടന്നത്. എന്റെ എല്ലാ പരിപാടികളും ഉപേക്ഷിച്ചാണ് അതിലുള്ള എന്റെ എതിര്‍പ്പറിയിക്കാന്‍ ഞാനിവിടെ എത്തിയത്. ഗോവധക്കാര്‍ക്ക് കൃഷ്ണമഠത്തിനുള്ളിലേക്ക് ക്ഷണിക്കുന്നതും അവര്‍ക്കായി വിരുന്ന് നടത്തുന്നതും ഹിന്ദുക്കള്‍ക്ക് തന്നെ അപമാനമാണ്.” പ്രമോദ് മുത്തലിഖ് പറയുന്നു.

ഒരുമണിക്കൂറിലധികം മഠാധിപതിയുമായി പ്രമോദ് ചര്‍ച്ച ചെയ്തു. എന്നാല്‍ തങ്ങളുടെ നിലപാടില്‍ തന്നെ മഠം ഉറച്ചു നില്‍ക്കുകയായിരുന്നു. ഇഫ്താര്‍ വിരുന്ന് നടത്തിയതിലൂടെ തങ്ങള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ശ്രീരാമസേന നേതാവ് വര്‍ഗ്ഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മഠാധിപതി വ്യക്തമാക്കി.

” പര്യായയുടേയും ഉടുപ്പി ചലോ പ്രതിഷേധത്തിന്റേയും സമയത്ത് എന്നെ ഏറെ സഹായിച്ചവരാണ് മുസ്‌ലിമുകള്‍. അനാവശ്യ പ്രസ്താവനകളിലൂടെ ചിലയാളുകള്‍ മുസ്‌ലിങ്ങളേയും ഹിന്ദുക്കളേയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മഠത്തില്‍ നടന്ന ഇഫ്താര്‍ വിരുന്ന് ഹിന്ദുക്കള്‍ക്കോ മുസ്‌ലിങ്ങള്‍ക്കോ പ്രശ്‌നമല്ല. ആളുകള്‍ക്കിടയില്‍ സഹിഷ്ണുത വളര്‍ത്തുകയായിരുന്നു വിരുന്നിന്റെ ലക്ഷ്യം.” സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

പര്യായ പേജാവാര്‍ മഠത്തിലെ വിശ്വേശ്വര തീര്‍ത്ഥ സ്വാമിയുടെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ച്ച ചടങ്ങ് നടന്നത്. മുസ്ലിം
സമുദായത്തില്‍പ്പെട്ട നിരവധി പേര്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്ന് 6.59ന് നോമ്പു തുറയോടെ ആരംഭിക്കുകയായിരുന്നു.


Don”t Miss: ‘അതൊരു കെണിയാണ്’; മോദി-ട്രംപ് കൂടിക്കാഴ്ച്ച ഇന്ത്യയ്ക്ക് ദുരന്തം വരുത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ചൈനീസ് മാധ്യമങ്ങള്‍


വാഴപ്പഴം, തണ്ണിമത്തന്‍, ആപ്പിള്‍, കാരക്ക, കശുവണ്ടിപ്പരിപ്പ് എന്നിവയ്ക്കൊപ്പം കുരുമുളകുകൊണ്ടുണ്ടാക്കിയ “കഷായ”വും ഇവര്‍ക്ക് നല്‍കിയിരുന്നു. വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് കാരക്ക വിതരണം ചെയ്തത് വിശ്വേശ്വര തീര്‍ത്ഥ തന്നെയാണ്.

ഇഫ്താര്‍ കൂട്ടായ്മയ്ക്കു പുറമേ നമസ്‌കാരത്തിനും ക്ഷേത്രത്തില്‍ സൗകര്യം നല്‍കിയിരുന്നു. ഭക്ഷണശാലയുടെ മുകളിലത്തെ നിലയിലെ ഹാളില്‍ അഞ്ജുമാന്‍ മസ്ജിദിലെ ഇമാം മൗലാനാ ഇനിയത്തുള്ളയുടെ നേതൃത്വത്തിലായിരുന്നു നിസ്‌കാരം.

മംഗളുരുവിലും, കാസര്‍ഗോഡും ഭക്തലിലുമെല്ലാം മുസ്ലീങ്ങളുടെ സ്നേഹം താന്‍ അനുഭവിച്ചിട്ടുണ്ടെന്ന് സ്വാമി പറഞ്ഞിരുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിളിച്ചുചേര്‍ത്ത ഇഫ്താര്‍ സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതുപോലെ യു.എസിലെ വൈറ്റ് ഹൗസില്‍ രണ്ടു നൂറ്റാണ്ടായി തുടര്‍ന്നുവരുന്ന ഈദ് ആഘോഷം നിര്‍ത്തലാക്കിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയും ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ഉഡുപ്പി ക്ഷേത്രത്തിലെ ഇഫ്താര്‍ സംഗമം ശ്രദ്ധനേടിയത്.