ഹാത്രാസിന് പിന്നാലെ ഉഡുപ്പിയിലും ദളിതര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതത്തിലേക്ക്
national news
ഹാത്രാസിന് പിന്നാലെ ഉഡുപ്പിയിലും ദളിതര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st October 2020, 7:10 pm

ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ അമ്പതോളം ദളിത് സമുദായംഗങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു. ഡോ.ബി.ആര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതിന്റെ 64ാമത് വാര്‍ഷിക ദിനത്തിലാണ് ഉഡുപ്പിയില്‍ 50 ഓളം പേര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.

മൈസൂറില്‍ നിന്നെത്തിയ സുഗതപാല ഭാന്‍തെജിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഉഡുപ്പി ജില്ലയിലെ ബുദ്ധ മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ദളിത് നേതാക്കളായ സുന്ദര്‍ മസ്തര്‍, ശ്യാംരാജ് ബിര്‍തി, നാരായണന്‍ മനൂര്‍, ശേഖര്‍ ഹെജ്മാഡി, എന്നിവര്‍ പങ്കെടുത്തു.

ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വാത്മീകി വിഭാഗത്തില്‍പ്പെട്ട 236 പേര്‍ ബുദ്ധമതം സ്വീകരിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ഖാസിയാബാദ് ജില്ലയിലെ കര്‍ഹേര ഗ്രാമത്തിലെ വാത്മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് പകരം ബുദ്ധമതം തെരഞ്ഞെടുത്തത്.

ഭരണഘടനാശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറിന്റെ ബന്ധുവായ രാജ് രത്‌ന അംബേദ്കറിന്റേയും ബുദ്ധസന്ന്യാസികളുടേയും ബുദ്ധിസ്റ്റ് സൊസൈറ്റി അധികൃതരുടേയും സാന്നിധ്യത്തിലാണ് 236 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചത്

എത്ര പഠിച്ചാലും എന്ത് തൊഴില്‍ ചെയ്താലും വിപ്ലവം കാണിച്ചാലുംഞങ്ങളെ എല്ലാവരും അവരേക്കാള്‍ താഴെയുള്ളവരായിട്ടാണ് പരിഗണിക്കുന്നത്. ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് തുല്യരായ പൗരന്മാരല്ല എന്ന് ഞങ്ങള്‍ക്ക് തന്നെ തോന്നലുണ്ടാകുന്നു.

ഹാത്രാസ് ബലാത്സംഗക്കേസിന്റെ കാര്യമായാലും, ദളിതര്‍ക്കെതിരെയുള്ള മറ്റ് കേസുകളിലായാലും, ഞങ്ങള്‍ ഓരോ ദിവസവും ഓരോ ഇടത്തും വിവേചനം അനുഭവിക്കേണ്ടി വരുന്നു’, ബുദ്ധിസ്റ്റ് സൊസൈറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭയക്കുന്നതുകൊണ്ടാണ് ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബം ഇതുവരെ ബുദ്ധമതം സ്വീകരിക്കാത്തതെന്നും അവര്‍ കൂട്ടിച്ചര്‍ത്തു. ഹാത്രാസ് പെണ്‍കുട്ടിയും കുടുംബവും വാത്മീകി സമുദായത്തില്‍പ്പെട്ടവരാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Udupi over 50 people belonging to Dalit community convert to Buddhism