ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തില്‍ സുപ്രീം കോടതിയ്ക്കും പങ്കുണ്ടോയെന്ന കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ പ്രസ്താവന വിവാദമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ വി.വിപാറ്റുകളും എണ്ണേണ്ടെന്ന സുപ്രീം കോടതി വിധി ഉയര്‍ത്തിക്കാട്ടിയായിരുന്നു ഉദിത് രാജ് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.
21 രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ വിവിപാറ്റ് എണ്ണുന്നതില്‍ എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാല്‍, വിവിപാറ്റിലെ മുഴുവന്‍ സ്ലിപുകളും ഇ.വി.എം മെഷീനുകളിലെ ഫലവുമായി താരതമ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വിവിപാറ്റ് ആദ്യം എണ്ണണമെന്നും എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാല്‍ എല്ലാ ഘടകങ്ങളും എണ്ണണമെന്നും ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടിരുന്നു.
ഉത്തര്‍ പ്രദേശില്‍ ഇവിഎം മെഷീനുകള്‍ കടത്തിക്കൊണ്ടുപോകുന്നെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സമാന ആവശ്യമാണ് പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിക്കുന്നത്.
അതേസമയം, പല സ്ഥലങ്ങളിലും ഇവിഎം മെഷീനുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മെഷീനുകള്‍ സുരക്ഷിതവും ക്രമക്കേടുകള്‍ക്ക് അതീതവുമാണെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
നേരത്തെ വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 50% വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 25% വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനുവേണ്ടി മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആറു ദേശീയ പാര്‍ട്ടികളുടെയും 15 പ്രദേശിക പാര്‍ട്ടികളുടെയും നേതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. തെരഞ്ഞെടുത്ത മണ്ഡലങ്ങളിലെ മാത്രം വിപിപാറ്റ് സ്ലിപ്പുകള്‍ എണ്ണാനുള്ള തീരുമാനം ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ തന്നെ ലംഘിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ഇവര്‍ ആരോപിച്ചിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതുപോലെ 50 ശതമാനം വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനം ആറുദിവസത്തോളം വൈകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. വോട്ടിങ് യന്ത്രങ്ങള്‍ കുറ്റമറ്റതാണെന്നും പലതവണ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയതാണെന്നും കമ്മിഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.