| Wednesday, 22nd May 2019, 1:24 pm

മൂന്നുമാസമെടുത്ത് തെരഞ്ഞെടുപ്പു നടത്താമെങ്കില്‍ വോട്ടെണ്ണാന്‍ രണ്ട് ദിവസം അധികമെടുത്താലെന്താ? ; തെരഞ്ഞെടുപ്പു കമ്മീഷനോട് ഉദിത് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവിപാറ്റുകള്‍ മുഴുവന്‍ എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. മൂന്ന് മാസമെടുത്ത് തെരഞ്ഞെടുപ്പ് നടത്താമെങ്കില്‍ വോട്ടെണ്ണാന്‍ രണ്ടുദിവസം അധികമെടുത്താലെന്താണ് കുഴപ്പമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

വിവിപാറ്റുകള്‍ എണ്ണുന്നത് ഫലം പ്രഖ്യാപനം വൈകാനിടയാക്കുമെന്ന് പറഞ്ഞായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ഈ ആവശ്യം തള്ളിയത്.

‘ എല്ലാ വികസന പദ്ധതികളെയും തടഞ്ഞുകൊണ്ട് മൂന്ന് മാസം നീണ്ടുനിന്നതായിരുന്നു തെരഞ്ഞെടുപ്പു നടപടിക്രമം. അപ്പോള്‍ വോട്ടെണ്ണുന്നതിന് ഒന്നുരണ്ട് ദിവസം അധികമെടുത്താലെന്താ? ഞാന്‍ സുപ്രീം കോടതിയ്‌ക്കെതിരെ ആരോപണം ഉയര്‍ത്തുകയല്ല. ആശങ്ക പങ്കുവെയ്ക്കുക മാത്രമാണ് ചെയ്യുന്നത്’ എന്നും ഉദിത് രാജ് പറഞ്ഞു.

വോട്ടെടുപ്പ് അട്ടിമറിക്കുന്നതില്‍ സുപ്രീം കോടതിയ്ക്കും പങ്കുണ്ടോയെന്ന് ഉദിത് രാജ് ചോദിച്ചത് വിവാദമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ വിവിപാറ്റുകളും എണ്ണേണ്ടെന്ന സുപ്രീം കോടതി വിധി ഉയര്‍ത്തിക്കാട്ടിയായിരുന്നു ഉദിത് രാജ് ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.

നേരത്തെ വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 50% വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 25% വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനുവേണ്ടി മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആറു ദേശീയ പാര്‍ട്ടികളുടെയും 15 പ്രദേശിക പാര്‍ട്ടികളുടെയും നേതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. തെരഞ്ഞെടുത്ത മണ്ഡലങ്ങളിലെ മാത്രം വിപിപാറ്റ് സ്ലിപ്പുകള്‍ എണ്ണാനുള്ള തീരുമാനം ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ തന്നെ ലംഘിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ഇവര്‍ ആരോപിച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതുപോലെ 50 ശതമാനം വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനം ആറുദിവസത്തോളം വൈകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. വോട്ടിങ് യന്ത്രങ്ങള്‍ കുറ്റമറ്റതാണെന്നും പലതവണ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയതാണെന്നും കമ്മിഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more