കോഴിക്കോട്: ചാണകത്തില്‍ റേഡിയോ ആക്ടീവായ പ്ലൂട്ടോണിയമുണ്ടെന്നും ക്യാന്‍സര്‍ മാറ്റാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്നുമുള്ള കണ്ടെത്തലുമായി ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ. “ഗോവധ നിരോധനവും പശുവിന്റെ ഗുണങ്ങളും” എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് സ്വാമിജി “ഈ കണ്ടെത്തല്‍” അവതരിപ്പിക്കുന്നത്.
പശുവുണ്ടെങ്കില്‍ നമുക്ക് ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാന്‍ പറ്റും എന്ന് അവകാശപ്പെട്ടുകൊണ്ടാണ് അദ്ദേഹം പശുവിന്റെ “ഗുണങ്ങള്‍” വിവരിക്കുന്നത്. നേരത്തെ സോഷ്യല്‍ മീഡിയകളില്‍ സഞ്ജീവനി എന്ന ട്രോള്‍ പേജ് പുറത്തുവിട്ട വീഡിയോയിലെ ട്രോളുകള്‍ ആധികാരികമായ ഗവേഷണങ്ങള്‍ എന്ന രീതിയില്‍ പ്രസംഗത്തിലൂടെ അവതരിപ്പിക്കുകയാണ് ഉദിത് ചൈതന്യ.
അദ്ദേഹത്തിന്റെ പ്രധാന “കണ്ടെത്തലുകള്‍” ഇതാണ്:
“നാടന്‍ പശുക്കളുടെ കൊമ്പുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അതിന് ഏറ്റവും കൂടുതല്‍ റേഡിയോ ആക്ടിവിറ്റി അബ്‌സോര്‍ബ് ചെയ്യാനുള്ള കഴിവുണ്ട്. ” എന്നു പറഞ്ഞ അദ്ദേഹം ഇതിനെ ഒരു പരീക്ഷണത്തിലൂടെ തെളിയിക്കാമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
“ഒരു എഫ്.എം റേഡിയോ ഓണാക്കിയിട്ട് പശുവിന്റെ കൊമ്പിന്റെ ഇടയില്‍ വെച്ചുകഴിഞ്ഞാല്‍ പ്രോഗ്രാം നിങ്ങള്‍ കേള്‍ക്കില്ല. പകരം ഓം എന്നുള്ള ശബ്ദം മാത്രമാണ് കേള്‍ക്കുക. അത്രയും ആ ശബ്ദ തരംഗങ്ങളെ നിയന്ത്രിച്ച് മൂളക്കം മാത്രമാക്കിയെടുക്കാന്‍ പശുവിന്റെ കൊമ്പിന് കഴിവുണ്ടെങ്കില്‍ അന്തരീക്ഷത്തില്‍ നമുക്ക് ഹാനികരമായ പല കാന്തിക തരംഗങ്ങളെയും മാറ്റാനുള്ള കഴിവുണ്ട്.” എന്നതാണ് “ഗവേഷണം” ആയി സ്വാമി അവതരിപ്പിക്കുന്നത്.
Also Read: മുസ്‌ലിയാരുടെ മഴത്തുള്ളി പ്രസംഗം; ശരിയ്ക്കും ഈ മഴത്തുള്ളിയ്ക്ക് എന്ത് സ്പീഡ് വരും?
ചാണകത്തിന്റെ “ഗുണഗണങ്ങളാണ്” സ്വാമി പിന്നീട് വിശദീകരിക്കുന്നത്.
”
ഈ ചാണകത്തെ ഒരു വിലയും ഇല്ലാത്ത സാധനായിട്ടാണ് ഇപ്പോള്‍ സര്‍ക്കാര് കാണുന്നത്. എന്നാല്‍ ഇന്ന് നമുക്ക് അട്ടോമിക്ക് പവര്‍ സ്റ്റേഷനിലേക്ക് വേണ്ടുന്ന പ്ലൂട്ടോണിയം…, നിങ്ങക്കറിയ്വോ.., ഏറ്റവും അധികം ഈ ആറ്റങ്ങള്‍ വിഘടിപ്പിക്കാന്‍ വേണ്ടുന്ന സാധനാ അത്…ഇത് ചാണകത്തില്‍ ഉണ്ട് ന്നാ പറയണത്…. ” അദ്ദേഹം പറയുന്നു.
ഗോമൂത്രത്തിന് ക്യാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമെന്ന വാദം അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത് തന്റെ സുഹൃത്തിന്റെ രോഗം ഭേദമായിട്ടുണ്ടെന്ന അവകാശവാദത്തോടെയാണ്.
“നാടന്‍ പശുവിന്റെ ഗോമൂത്രത്തിന് ക്യാന്‍സര്‍ മാറ്റാനുള്ള കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഞാന്‍ ഗോമൂത്രം ഡിസ്റ്റില്‍ ചെയ്യുന്നയാളാണ്. ഗോമൂത്രത്തില്‍ തുളസിയൊക്കെ ചേര്‍ത്ത് എത്രയോ ആള്‍ക്ക് ഷുഗര്‍ ഭേദമായിട്ടുണ്ട്. എനിക്ക് ആസ്മയുടെ പ്രശ്‌നമുണ്ടായിരുന്നു. ഞാനത് കഴിച്ച് എന്റെ ആസ്ത്മയെ മാറ്റിയിട്ടുണ്ട്.
എന്റെ ഒരു സുഹൃത്ത് ജയിംസ് അദ്ദേഹം ക്രിസ്ത്യാനിയാണ്. അദ്ദേഹം ബ്ലഡ് ക്യാന്‍സറാണ്. അദ്ദേഹം ഗോമൂത്രം കഴിച്ച് അത് ഭേദമായി എനിക്കത് ആധികാരികമായി പറയാന്‍ കഴിയും. ”
പശുവിന്‍ പാല്‍ കഴിച്ചാല്‍ ശരീരത്തിന് സൗന്ദര്യവും ബുദ്ധിയും ആരോഗ്യവും ഉണ്ടാകുമെന്നതാണ് സ്വാമിയുടെ അടുത്ത “കണ്ടെത്തല്‍”
“അമ്മയുടെ മുലപ്പാലിന് തുല്യം നില്‍ക്കാവുന്ന സാധനം പശുവിന്റെ പാല്‍ മാത്രമാണ്. ഈ പാലിന് ബുദ്ധിയും ശക്തിയും ആരോഗ്യവും ഉണ്ടാക്കിതരാന്‍ കഴിവുണ്ട്. പശുക്കള്‍ എപ്പോഴും സുന്ദരികളാണല്ലോ. നമ്മുടെ ശരീരത്തിനും ആ സൗന്ദര്യമുണ്ടാക്കാന്‍ ഈ പാലുകൊണ്ട് സാധിക്കും. പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ക്രീമുകളെല്ലാം പാലിന്റെ പ്രോഡക്ടുകളാണ്. അതുകൊണ്ടുതന്നെ പാലിന് ആ കഴിവുണ്ട്. ”
പശുവുമായി ബന്ധപ്പെട്ട വിഷയങ്ങളെ വൈകാരികമായി കാണാതെ ബുദ്ധിപരമായി കാണമെന്നു പറഞ്ഞാണ് ഈ വിഡ്ഢിത്തങ്ങള്‍ ഉദിത് ചൈതന്യ അവതരിപ്പിക്കുന്നത്.
പശുവിനെക്കുറിച്ചു മാത്രമല്ല പാമ്പിനെക്കുറിച്ചും അദ്ദേഹം ചില കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നുയണ്ട്. പാമ്പിന് അന്തരീക്ഷത്തിലെ വിഷാംശം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. പാമ്പ് നിശ്വസിക്കുന്ന വായുകൊണ്ട് അന്തരീക്ഷത്തിലുള്ള വിഷാംശങ്ങളും ബാക്ടീരികളുമെല്ലാം നശിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
പുതുതലമുറ ഗവേഷണ മനസുള്ളവരായി തീരണമെന്ന ഉപദേശം ആമുഖമായി നല്‍കിയാണ് സ്വാമി ഈ “കണ്ടെത്തലുകള്‍” അവതരിപ്പിക്കുന്നത്.