ചെന്നൈ: രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ വേണ്ടിവന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുമ്പിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയും എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍. സംസ്ഥാന വ്യാപകമായി തമിഴ്‌നാട്ടില്‍ ഡി.എം.കെ. സംഘടിപ്പിച്ച റാലിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയാല്‍ നിശബദ്‌നായി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദിയെ എതിര്‍ത്ത് തന്നെയാണ് ഡി.എം.കെ അധികാരത്തിലെത്തിയതെന്നും എത്രയൊക്കെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാലും ‘ഹിന്ദി തെരിയാത് (ഹിന്ദി അറിയില്ല)’ എന്ന് തന്നെയായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
2024ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റുക എന്നതാണ് ഡി.എം.കെയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഡി.എം.കെ ഭരണമാണെന്നും അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മിസ്റ്റര്‍ അമിത്ഷാ, ഇത് എടപ്പാടി പളനിസ്വാമിയുടെ ഭരണമല്ല. ഡി.എം.കെയുടേതാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ നിങ്ങളെ (ബി.ജെ.പി) എങ്ങനെയാണോ പുറത്താക്കിയത്, അതുപോലെ തന്നെയായിരിക്കും ഇനിയും. തമിഴ്‌നാട്ടിലെ ജനങ്ങള്‍ നിങ്ങളുടെ ഹിന്ദിവത്ക്കരണം അനുവദിക്കില്ല.
ഹിന്ദി ഏത് രൂപത്തില്‍ നിങ്ങള്‍ കൊണ്ടുവരാന്‍ നോക്കിയാലും ഹിന്ദി അറിയില്ല എന്നായിരിക്കും ഞങ്ങളുടെ ഉത്തരം, ഹിന്ദി അറിയില്ല എന്ന് ഞങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഇനിയും പ്രതിഷേധിക്കും, നിലപാടില്‍ നിന്ന് ഞങ്ങള്‍ പിന്നോട്ടുപോകില്ല.
ഇപ്പോള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയല്ല മിസ്റ്റര്‍ ഷാ. പനീര്‍ശെല്‍വവുമല്ല. മറിച്ച് മുത്തുവേല്‍ കരുണാനിധി സ്റ്റാലിനാണ്. ഹിന്ദിക്കെതിരെ പ്രതിഷേധിച്ച് തന്നെ അധികാരത്തിലെത്തിയ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍. ഇപ്പോള്‍ ഞങ്ങള്‍ ഒരു പ്രകടനം മാത്രമാണ് നടത്തിയത്. അത് പ്രതിഷേധമാക്കണോ സമരമാക്കണോ എന്നതൊക്കെ നിങ്ങളുടെ തീരുമാനമാണ്. ഹിന്ദി വിരുദ്ധത തന്നെയാണ് ഡി.എം.കെയുടെ പ്രധാന നയം,’ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
ഡി.എം.കെയുടെ നേതൃത്വത്തില്‍ ഇതുവരെ മൂന്ന് ഭാഷാ യുദ്ധങ്ങള്‍ ഉണ്ടായി. അതില്‍ രണ്ടെണ്ണം ഡി.എം.കെയുടെ വിദ്യാര്‍ത്ഥി സംഘടനയാണ് നടത്തിയത്.
പെരിയാറിന്റെ കാലം മുതല്‍ തമിഴ്നാട്ടില്‍ ഹിന്ദി വിരുദ്ധ പോരാട്ടങ്ങള്‍ നടക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ക്കിടയിലും ഹിന്ദി ഭാഷ തമിഴ് ജനതയിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ടെന്നും അതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ത്രിഭാഷാ വിദ്യാഭ്യാസ രീതി മുന്നോട്ടുവെച്ചെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും ഹിന്ദി ഭാഷ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററി സമിതി പ്രഖ്യാപിച്ചിരുന്നു.
എയിംസ്, കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവയും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിനു പകരം ഹിന്ദി ഭാഷാ വിദ്യാഭ്യാസം കൊണ്ടുവരണമെന്നും സമിതി ശിപാര്‍ശ ചെയ്തിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളില്‍ നിന്ന് ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദിയില്‍ മാത്രം എഴുതണമെന്നും നിര്‍ദേശമുണ്ട്.
Content Highlight: Udhaynidhi stalin slams amit shah for hindi imposition in the country