ചെന്നൈ: ഡി.എം.കെ സര്‍ക്കാര്‍ എല്ലാ കാലത്തും മുസ്‌ലിങ്ങളെയും ഇസ്‌ലാം മതത്തെയും സംരക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. ചെന്നൈയില്‍ നടന്ന ഇഫ്താര്‍ വിരുന്നിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഇന്ത്യയിലുടനീളമുള്ള മുസ്‌ലിങ്ങളെ സംരക്ഷിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധിയുടെ പാതയാണ് തങ്ങള്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘ഡി.എം.കെ എല്ലാ കാലത്തും ഇസ്‌ലാം മതത്തെയും മുസ്‌ലിങ്ങളെയും സംരക്ഷിക്കും. പണ്ട് കലൈഞ്ജര്‍ കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇന്ത്യയിലുടനീളമുള്ള മുഴുവന്‍ മുസ്‌ലിങ്ങളെയും സംരക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇന്ന് നമ്മുടെ നേതാവ് എം.കെ. സ്റ്റാലിനും കലൈഞ്ജറുടെ പാതയാണ് പിന്തുടരുന്നത്,’ ഉദയനിധി പറഞ്ഞു.
ചടങ്ങിന് ശേഷം മാധ്യമങ്ങളെക്കണ്ട മന്ത്രി ഡി.എം.കെ സര്‍ക്കാരിനെതിരെ ബി.ജെ.പി ഉന്നയിച്ച അഴിമതി ആരോപണത്തിലും തന്റെ പ്രതികരണമറിയിച്ചു. ഡി.എം.കെ ഫയല്‍സ് എന്ന പേരില്‍ കോമഡി കാണിച്ച് ബി.ജെ.പി സമയം കളയുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബി.ജെ.പിയുടെ ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും വിഷയത്തെ ഗൗരവത്തോടെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡി.എം.കെ നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണങ്ങളുമായി തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈ രംഗത്തെത്തിയത്. 2011ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളില്‍ നിന്ന് എം.കെ സ്റ്റാലിന്‍ 200 കോടി രൂപ കൈപ്പറ്റി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അണ്ണാമലൈ ഉയര്‍ത്തിയത്.
സ്റ്റാലിന്റെ മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റേതുള്‍പ്പെടെയുള്ള ഡി.എം.കെ നേതാക്കളുടെ സ്വത്തുവിവരങ്ങള്‍ പുറത്ത് വിട്ട അണ്ണാമലൈ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.
അതേസമയം ബി.ജെ.പിയുടെ ആരോപണത്തെ നിയമപരമായി നേരിടാനാണ് ഡി.എം.കെയുടെ തീരുമാനം. സംഘടനാ സെക്രട്ടറി ആര്‍.എസ് ഭാരതിയാണ് നിയമനടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
തെറ്റായ ആരോപണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച അണ്ണാമലൈ 48 മണിക്കൂറിനുള്ളില്‍ നിരുപാധികം മാപ്പ് പറയണമെന്നും 500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കാണിച്ച് നോട്ടീസയച്ചിരിക്കുകയാണ് ഭാരതി. നഷ്ടപരിഹാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറണമെന്നും നോട്ടീസില്‍ ആവശ്യമുണ്ട്.
Content Highlight: udhayanithi stalin says dmk will protect muslim