ചെന്നൈ: ബി.ജെ.പി സർക്കാർ തമിഴരുടെ വികാരങ്ങൾ കേൾക്കാൻ വിസമ്മതിച്ചാൽ തമിഴ്‌നാട് മറ്റൊരു ഭാഷാ യുദ്ധം ആരംഭിക്കാൻ മടിക്കില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. പുതിയ വിദ്യാഭ്യാസ നയം (എൻ.ഇ.പി), ത്രിഭാഷാ ഭാഷാ സമ്പ്രദായം, ഫണ്ട് വിനിയോഗം സംബന്ധിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ നിലപാട് എതിർത്തുകൊണ്ടുള്ള പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിൻ.
ത്രിഭാഷാ നയം അംഗീകരിച്ചാൽ മാത്രമേ തമിഴ്‌നാടിന് ഫണ്ട് ലഭിക്കൂ എന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. പക്ഷേ, ഞങ്ങൾക്ക് അവകാശപ്പെട്ട നികുതി പണം മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഇത് ദ്രാവിഡ ഭൂമിയാണ്, പെരിയാറിന്റെ ഭൂമി, ആർക്കും ഞങ്ങളെ ഭീഷണിപ്പെടുത്താൻ കഴിയില്ല. ഞങ്ങൾ ഭരണഘടനയെയും ജനാധിപത്യത്തെയും ബഹുമാനിക്കുന്നു, ജനാധിപത്യപരമായി ഞങ്ങളുടെ ശബ്ദങ്ങൾ ഉയർത്തുന്നു. ഫാസിസ്റ്റ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഞങ്ങളുടെ ശബ്ദം കേൾക്കേണ്ടതുണ്ട്. അവർ ഞങ്ങളുടെ അവകാശങ്ങളെ മാനിക്കണം. അല്ലെങ്കിൽ, മറ്റൊരു ഭാഷാ യുദ്ധത്തെ നേരിടാൻ തമിഴ്നാട് മടിക്കില്ല
ഉദയനിധി സ്റ്റാലിൻ
ഡെപ്യൂട്ടി മുഖ്യമന്ത്രി എന്ന നിലയിലല്ല, മറിച്ച് ഡി.എം.കെ യുവജന വിഭാഗം കേഡറിന്റെ ഭാഗമായാണ് താൻ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2025ലെ കേന്ദ്ര ബജറ്റ് തമിഴ്‌നാടിനെ പൂർണമായും അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, തമിഴ്നാട് ത്രിഭാഷാ നയം അംഗീകരിച്ചാൽ മാത്രമേ ഫണ്ട് നൽകൂ എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞതായി വിമർശിച്ചു.
‘ത്രിഭാഷാ നയം അംഗീകരിച്ചാൽ മാത്രമേ തമിഴ്‌നാടിന് ഫണ്ട് ലഭിക്കൂ എന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. പക്ഷേ, ഞങ്ങൾക്ക് അവകാശപ്പെട്ട നികുതി പണം മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഇത് ദ്രാവിഡ ഭൂമിയാണ്, പെരിയാറിന്റെ ഭൂമി, ആർക്കും ഞങ്ങളെ ഭീഷണിപ്പെടുത്താൻ കഴിയില്ല. ഗോ ബാക്ക് മോദി പോലുള്ള മുൻകാല പ്രതിഷേധങ്ങളെ ഓർമ്മിപ്പിക്കുന്നു.
1938ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിൽ രണ്ട് തമിഴർ ജീവൻ ബലിയർപ്പിച്ചു. 1965ൽ നൂറുകണക്കിന് യുവാക്കൾ ജീവൻ ബലിയർപ്പിച്ചു. ഇപ്പോൾ നമ്മൾ 2025ലാണ്. ഹിന്ദി നമ്മുടെ മേൽ അടിച്ചേൽപ്പിച്ചാൽ, തമിഴിനെയും ഞങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാൻ നൂറല്ല, ആയിരക്കണക്കിന് യുവാക്കൾ ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണ്.
ഞങ്ങൾ ഭരണഘടനയെയും ജനാധിപത്യത്തെയും ബഹുമാനിക്കുന്നു, ജനാധിപത്യപരമായി ഞങ്ങളുടെ ശബ്ദങ്ങൾ ഉയർത്തുന്നു. ഫാസിസ്റ്റ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഞങ്ങളുടെ ശബ്ദം കേൾക്കേണ്ടതുണ്ട്. അവർ ഞങ്ങളുടെ അവകാശങ്ങളെ മാനിക്കണം. അല്ലെങ്കിൽ, മറ്റൊരു ഭാഷാ യുദ്ധത്തെ നേരിടാൻ തമിഴ്നാട് മടിക്കില്ല. സ്നേഹത്തിന് വില നൽകുന്നവരാണ് തമിഴർ, ഭീഷണികൾക്ക് ഒരിക്കലും ഞങ്ങൾ കീഴടങ്ങില്ല,’ അദ്ദേഹം പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ഈ ത്രിഭാഷാ നയം വിദ്യാർത്ഥികൾ കുറഞ്ഞത് മൂന്ന് ഭാഷകളെങ്കിലും പഠിക്കണമെന്ന് ആവശ്യപ്പെടുന്നു, അതിൽ ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടണം. ദക്ഷിണേന്ത്യൻ സംസ്ഥാനം ഒരിക്കലും ത്രിഭാഷാ നയം അംഗീകരിക്കില്ലെന്നും ഇത് ആത്മാഭിമാനത്തിന്റെ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാർ തമിഴ്‌നാടിന് ഫണ്ട് അനുവദിക്കണമെന്നും സംസ്ഥാനത്ത് ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്ന പ്ലക്കാർഡുകൾ പിടിച്ച് ഡി.എം.കെയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നുമുള്ള നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Content Highlight: Udhayanidhi Stalin warns Centre of ‘language war’ over ‘imposition’ of Hindi on Tamil Nadu