| Wednesday, 10th January 2024, 1:14 pm

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹം; പ്രതികരണവുമായി ഡി.എം.കെ സംഘടനാ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി ആകുമെന്ന് അഭ്യൂഹങ്ങൾ. നിലവിൽ തമിഴ്നാട് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയായ ഉദയനിധി 2021ലാണ് നിയമസഭയിൽ എത്തുന്നത്.

ഫെബ്രുവരി മാസത്തിൽ എം.കെ സ്റ്റാലിൻ വിദേശയാത്രകൾക്ക് പോകുന്നതോടെ ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രി ആകുമെന്ന് ഡി.എം.കെ പാർട്ടി വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ജനുവരി 21ന് സേലത്ത് വച്ച് നടക്കുന്ന ഡി.എം.കെ യുവജന സമ്മേളനത്തോടുകൂടി വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

എന്നാൽ വിഷയത്തിൽ വ്യക്തമായ അറിവുകൾ ഇല്ലെന്നാണ് ഡി.എം.കെയുടെ സംഘടനാ സെക്രട്ടറിയായ ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞത്.

ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രിയാകുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് പറഞ്ഞ ഇളങ്കോവൻ ഉദയനിധി വളരെ സജീവമായ ഒരു പാർട്ടി പ്രവർത്തകനാണെന്ന് കൂട്ടിച്ചേർത്തു. കൂടാതെ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ വാർത്തകൾ എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് ഉദയനിധി സ്റ്റാലിൻ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടയിൽ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുന്നത് അഭ്യൂഹമല്ല സത്യമാണെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് കോവൈ സത്യൻ പറഞ്ഞു. ഇതുതന്നെയാണ് തങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ സത്യൻ, 2026ൽ ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി ആകുമെന്നും കൂട്ടിച്ചേർത്തു. കൂടാതെ ഡി.എം.കെ കുടുംബാധിപത്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും സത്യൻ വിമർശിച്ചു.

ആദ്യം അച്ഛൻ പിന്നെ മകൻ ഇനിയിപ്പോൾ പേര മകൻ പാർട്ടിയെ നയിക്കാൻ പോവുകയാണെന്ന് പറഞ്ഞ സത്യൻ ഡി.എം.കെയിൽ ജനാധിപത്യം ഇല്ലെന്നും എ.ഐ.എ.ഡി.എം.കെയിൽ മാത്രമാണ് താഴെ തട്ടിൽ നിന്നുള്ള പ്രവർത്തകർക്കും നേതൃസ്ഥാനത്ത് എത്താൻ കഴിയുകയെന്നും കൂട്ടിച്ചേർത്തു.

രാഷ്ട്രീയക്കാരൻ എന്നതിനേക്കാൾ ഉപരി സിനിമാതാരം നടന്ന നിലയിൽ ശ്രദ്ധേയനായിരുന്ന ഉദയനിധി സ്റ്റാലിൻ 2021ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വഴിയാണ് നിയമസഭയിൽ എത്തുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു താരത്തെ തമിഴ്നാട് മന്ത്രി സഭയിൽ എത്തിച്ചതും. കൂടാതെ ഉദയനിധി നടത്തിയ സനാതന ധർമ്മത്തെ വിമർശിച്ചു കൊണ്ടുള്ള പ്രസ്താവന അടക്കം നിരവധി കാര്യങ്ങളിൽ ബി.ജെ.പിയും മറ്റു ഹിന്ദുത്വ പാർട്ടികളും അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.

Content Highlights: Udhayanidhi Stalin to become Tamil Nadu Deputy Chief Minister

We use cookies to give you the best possible experience. Learn more