കഴിഞ്ഞ വര്‍ഷം റിലീസായതില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു വിക്രം. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കമല്‍ ഹാസന്റെ ശക്തമായ തിരിച്ചുവരവും കൂടിയാണ് കുറിച്ചത്. സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തില്‍ ഉണ്ടായിരുന്നു.
കമല്‍ ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ് വിതരണം ചെയ്തത്.
ചിത്രം റിലീസിന് മുമ്പേ കണ്ടതിന് ശേഷം കമല്‍ ഹാസനോട് സംസാരിച്ചതിനെ പറ്റി പറയുകയാണ് ഉദയനിധി സ്റ്റാലിന്‍. ഇത് കമല്‍ ഹാസന്റെ കരിയര്‍ ബെസ്റ്റ് സിനിമ ആവുമെന്നാണ് താന്‍ പറഞ്ഞതെന്നും എന്നാല്‍ അത് ഇന്‍ഡസ്ട്രിയില്‍ വെച്ച് തന്നെ വലിയ ഹിറ്റായി മാറിയെന്നും ഉദയനിധി പറഞ്ഞു. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉദയനിധി.
‘റിലീസിന് ശേഷം സിനിമക്ക് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. എന്നാല്‍ ചില സിനിമകള്‍ കാണുമ്പോള്‍ തന്നെ മനസിലാവും ഹിറ്റാവുമെന്ന്. വിക്രം കണ്ടിട്ട് ഇത് നിങ്ങളുടെ കരിയര്‍ ബെസ്റ്റ് സിനിമ ആവുമെന്നാണ് ഞാന്‍ കമല്‍ സാറിനോട് പറഞ്ഞത്. എന്നാല്‍ അത് ഇന്‍ഡസ്ട്രിയില്‍ വെച്ച് തന്നെ വലിയ ഹിറ്റായി,’ ഉദയനിധി പറഞ്ഞു.
ഡോണ്‍ സിനിമ വിതരണത്തിനെടുത്തപ്പോഴുണ്ടായ അനുഭവവും ഉദയനിധി അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ‘ഡോണ്‍ വിതരണത്തിനെടുക്കാനായി തീരുമാനിച്ചപ്പോള്‍ ഞങ്ങള്‍ ഒരു പത്ത് പേരിരുന്ന് ആ സിനിമ കണ്ടിരുന്നു. ഞങ്ങളെ ആ സിനിമ അങ്ങനെ ഇംപ്രസ് ചെയ്തില്ല. കോമഡി സീനുകളില്‍ ഞങ്ങള്‍ക്ക് ചിരി ഒന്നും വന്നില്ല. എന്നാല്‍ അവസാനത്തെ 20 മിനിട്ട് ഇഷ്ടപ്പെട്ടു. അച്ഛന്‍-മകന്‍ സെന്റിമെന്റ്സ് കണക്ടായി.
ശിവയെ വിളിച്ച് കോളേജ് പോര്‍ഷന്‍ കുറച്ച് ട്രിം ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞു. ചെയ്യാം സാര്‍ എന്ന് പറഞ്ഞ് പോയിട്ട് കുറച്ചുകൂടി സീനുകള്‍ ആഡ് ചെയ്തു. ട്രിം ചെയ്യാനല്ലേ ഞാന്‍ പറഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ സാര്‍ നോക്കിക്കോ ഇത് നന്നാവുമെന്ന് ശിവ പറഞ്ഞു. പടം റിലീസായപ്പോള്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്. സിനിമകള്‍ എങ്ങനെയാവുമെന്ന് നമുക്ക് പറയാന്‍ പറ്റില്ല,’ ഉദയനിധി പറഞ്ഞു.
Content Highlight: Udhayanidhi Stalin talks about Vikram movie