Movie Day
ആ സിനിമക്ക് ശേഷം സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമാകാമെന്നാണ് കരുതിയത്: ഉദയനിധി സ്റ്റാലിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 24, 06:53 am
Saturday, 24th August 2024, 12:23 pm

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ചെന്നൈ ചെപ്പോക്ക്- തിരുവല്ലിക്കേനി എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ് സിനിമാ രംഗത്ത് തിരക്കുള്ള നടനും നിര്‍മാതാവുമാണ്. ഒരു കല്‍ ഒരു കണ്ണാടി, ഇതു കതിര്‍വേലന്‍ കാതല്‍, മനിതന്‍, നിമിര്‍, സൈക്കോ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് നിരൂപക പ്രശംസ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

പാര്‍ട്ടി വൃത്തങ്ങളില്‍ ‘ചിന്നവര്‍’ എന്ന് വിശേഷിപ്പിക്കുന്ന ഉദയനിധി സ്റ്റാലിന്‍ 2022 ഡിസംബര്‍ 18ആം തീയതി തമിഴ്‌നാട് കായിക-യുവജന കാര്യ മന്ത്രിയായി അധികാരമേറ്റു.

രാഷ്ട്രീയത്തില്‍ ഒരുപാട് കാര്യങ്ങള്‍ തനിക്ക് ശ്രദ്ധിക്കാനുണ്ടെന്നും അതുകൊണ്ടു തന്നെ സിനിമയില്‍ നിന്ന് ഒരു അകലം പാലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഉദയനിധി സ്റ്റാലിന്‍ പറയുന്നു. മാമാന്നന് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നേരിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. ഞാന്‍ ഒരു നാലുവര്‍ഷം കൊണ്ടാണ് മൊത്തമായും രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രികരിക്കാന്‍ തുടങ്ങിയത്. ഇപ്പോഴാണെങ്കില്‍ ഞാനൊരു എം.ല്‍.എയും കൂടെ ആണല്ലോ.

സിനിമയുടെ ഷൂട്ടിങ് ചെന്നൈയില്‍ ആണെങ്കില്‍ കുഴപ്പമില്ല. അത് എങ്ങനെ എങ്കിലും മാനേജ് ചെയ്യാന്‍ കഴിയും. ഇന്ത്യക്ക് പുറത്തോ ചെന്നൈയ്ക്ക് പുറത്തോ ആണെങ്കില്‍ എങ്ങനെ നോക്കിയാലും മൂന്നു നാല് മാസമെങ്കിലും ഷൂട്ടിങ്ങിനായി പോകും.

എനിക്ക് നാട്ടില്‍ ഒരുപാട് ജോലികളുണ്ട്. പാര്‍ട്ടി കാര്യങ്ങള്‍ നോക്കാനുണ്ട്, എന്റെ മേലെ ഒരുപാട് പ്രതീക്ഷകളുണ്ട്. അതുകൊണ്ട് തന്നെ മാമന്നന്‍ സിനിമക്ക് ശേഷം അഭിനയം നിര്‍ത്താം എന്നാണ് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്,’ ഉദയനിധി സ്റ്റാലിന്‍ പറയുന്നു.

പഠിക്കുന്ന സമയത്ത് ബാക്കി ഉള്ള വിഷയങ്ങളിലെല്ലാം ജസ്റ്റ് പാസ് ആണെങ്കിലും തമിഴില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ കഴിഞ്ഞിട്ടുന്നെന്നും എന്നാല്‍ തനിക്ക് എഴുതാന്‍, പ്രത്യേകിച്ച് തിരക്കഥ എഴുതണമെന്ന് ആഗ്രഹമില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറയുന്നു.

Content Highlight: Udhayanidhi Stalin talks about his retirement from film acting