ചെന്നൈ: ഹിന്ദു മതവിശ്വാസികളുടെ കടമകളും ആചാരങ്ങളും വിവരിക്കുന്ന സനാതന ധർമം എതിർക്കുകയല്ല, മറിച്ച് ഡെങ്കിയും മലേറിയയും പോലെ ഇല്ലാതാക്കുകയാണ് വേണ്ടതെന്ന് നടനും തമിഴ്നാട് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമം ഇല്ലാതാക്കണം എന്ന ആവശ്യവുമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചില കാര്യങ്ങൾ കേവലമായി എതിർക്കുകയല്ല വേണ്ടത്, മറിച്ച് അവ ഇല്ലാതാക്കണം. കൊതുക്, ഡെങ്കിപ്പനി, മലേറിയ, കൊറോണ എന്നിവയൊന്നും എതിർക്കേണ്ടതല്ല, ഇല്ലാതാക്കേണ്ടതാണ്. സനാതനവും അതുപോലെയാണ്,’ ഡി.എം.കെ മന്ത്രിയായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
സനാതനം എന്ന പേര് സംസ്‌കൃതത്തിൽ നിന്നാണ് വന്നതെന്നും സംസ്‌കൃതം തുല്യതയ്ക്കും സാമൂഹ്യനീതിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. ‘സനാതനം ശാശ്വതമാണ്. ആർക്കും അതിനെ ചോദ്യം ചെയ്യാൻ സാധിക്കില്ല. ഇതാണ് സനാതനത്തിന്റെ അർത്ഥം,’ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
സനാതനത്തെ ഇല്ലാതാക്കാനുള്ള സമ്മേളനത്തിൽ സംസാരിക്കുവാൻ അവസരം നൽകിയതിൽ സംഘാടകർക്ക് നന്ദി അറിയിച്ചുകൊണ്ട് സാമൂഹ്യമാധ്യമമായ എക്‌സിൽ ഉദയനിധി സ്റ്റാലിൻ തന്റെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചു. സമ്മേളനത്തിന് ‘സനാതനത്തെ എതിർക്കുക’ എന്നതിന് പകരം ‘സനാതനത്തെ ഇല്ലാതാക്കുക’ എന്ന പേര് നൽകിയതിന് സംഘാടകർക്കുള്ള അഭിനന്ദനങ്ങളും എക്‌സിലൂടെ ഉദയനിധി സ്റ്റാലിൻ അറിയിച്ചു. സമ്മേളനവേദിയിൽ ജാതിവിവേചനത്തിന് ഇരയായി ആത്മഹത്യാ ചെയ്ത വിദ്യാർത്ഥി ആക്ടിവിസ്റ്റ് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.
അതേസമയം, ഉദയനിധി സ്റ്റാലിന്റേത് വംശഹത്യക്കുള്ള ആഹ്വാനമാണ് എന്ന ആരോപണവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. ഉദയനിധി സ്റ്റാലിന് ശിക്ഷ ലഭിക്കാതെ വിടില്ല എന്ന് ആർ.എസ്.എസ് അനുകൂല അഭിഭാഷക കൂട്ടായ്മ പ്രതികരിച്ചു. ഇന്ത്യയിലെ 80% വരുന്ന ജനങ്ങളെ വംശഹത്യ ചെയ്യണമെന്നാണ് ഉദയനിധി സ്റ്റാലിൻ ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ പ്രതികരിച്ചു. വംശഹത്യക്കുള്ള ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം, ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തിന്റെ തീരുമാനം ആണോ എന്നും അദ്ദേഹം ചോദിച്ചു.
സന്ത് മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ രംഗത്ത് വന്നു. ഇന്ത്യ മുന്നയിക്കുമായി ചേർന്ന് പ്രവർത്തിക്കുന്നവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടല്ല എതിരിടുന്നത്, മറിച്ച് സനാതന ധർമത്തെ ലക്ഷ്യമിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി കക്കൂസുകൾ നിറയ്ക്കുന്നു എന്ന് പരിഹസിച്ച ദിനമലർ പത്രത്തെ വിമർശിച്ചുകൊണ്ട്, ദ്രാവിഡന്മാർ വിദ്യാഭ്യാസത്തിലും ആര്യന്മാർ കക്കൂസിലും ശ്രദ്ധിക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു.
Content Highlight: Sanatana dharma should be eradicated like malaria, dengue says Udhayanidhi Stalin