ചെന്നൈ: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയ ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന് മറുപടിയുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ . സനാതനധർമം തുടച്ചുനീക്കപ്പെടുമോ ഇല്ലയോ എന്ന് നമുക്ക് കാണാം എന്ന് ചുരുങ്ങിയ വാക്കുകളിൽ ആണ് ഉയനിധി സ്റ്റാലിൻ മറുപടി നൽകിയിരിക്കുന്നത്.
സനാതന ധർമം മലേറിയയും ഡെങ്കിപ്പനിയും പോലെയാണ് എന്ന് ഉദയനിധി സ്റ്റാലിൻ്റെ പരാമർശം കഴിഞ്ഞവർഷം മുതൽ വലിയ വിവാദത്തിന് കാരണമായിരുന്നു.
കഴിഞ്ഞ ദിവസം തിരുപ്പതി ലഡു വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കവേ പവൻ കല്യാൺ ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവന ഉദ്ധരിച്ചിരുന്നു.
സനാതന ധർമം ഒരു വൈറസ് പോലെയാണെന്ന് പറയുന്നവർ ആരാണെങ്കിലും അവർക്ക് സനാതന ധർമത്തെ തുടച്ചുനീക്കാൻ സാധിക്കില്ല എന്നാൽ അത് പറഞ്ഞവർ തുടച്ചുനീക്കപ്പെടും എന്ന് പവൻ കല്യാൺ പറഞ്ഞിരുന്നു.
‘സനാതനധർമം ഒരു വൈറസ് പോലെയാണെന്ന് പറയരുത്. അത് നശിക്കും എന്ന് ആര് പറഞ്ഞാലും ഞാൻ പറയട്ടെ, സനാതനധർമം തുടച്ചുനീക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ബാലാജി ഭഗവാന്റെ പാദങ്ങളിൽ നിന്ന് നിങ്ങളെ ഞങ്ങൾ തുടച്ചുനീക്കും, ‘ പവൻ കല്യാൺ പറഞ്ഞു.
സനാതന ധർമ സംരക്ഷണവും നിയമവും ദേശീയതലത്തിൽ സംരക്ഷണ ബോർഡും വേണമെന്ന് ജനസേവ തലവൻ കൂടിയായ പവൻ കല്യാൺ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സനാതന ധർമത്തെ അവഹേളിക്കുന്നവർക്ക് കോടതി സുരക്ഷ ഒരുക്കുന്നു എന്നും പവൻ ആരോപിച്ചു.
പ്രസിദ്ധമായ തിരുപ്പതി ലഡു പ്രസാദത്തിന് ഉപയോഗിക്കുന്ന പശു നെയ്യിൽ മായം ചേർത്തതുമായി ബന്ധപ്പെട്ട കേസ് നിലവിൽ സുപ്രീം കോടതി പരിഗണിക്കുകയാണ്. എന്നാൽ മൃഗ കൊഴുപ്പിൽ മായം കലർത്തിയ നെയ്യ് ഉപയോഗിച്ചാണ് ആ ലഡു ഉണ്ടാക്കിയതെന്നും ഒരുലക്ഷം പ്രസാദ ലഡു അയച്ചുകൊടുത്തുവെന്നും പവൻ കല്യാൺ വാദിച്ചു.