| Monday, 4th September 2023, 11:43 am

വംശഹത്യയല്ല; സനാതന ധര്‍മത്തെ കുറിച്ച് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു; എന്തും നേരിടാന്‍ തയ്യാര്‍: ഉദയനിധി സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സനാതന ധര്‍മത്തെ കുറിച്ച് പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് തമിഴ്‌നാട് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. വംശഹത്യയല്ലെ താനുദ്ദേശിച്ചതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത് ബാലിശമാണെന്നും ഉദയനിധി പറഞ്ഞു.

സനാതന ധര്‍മം ശാശ്വതവും മാറ്റത്തിന് വിധേയമക്കാന്‍ പറ്റാത്തതുമാണ്. ദ്രാവിഡ സങ്കല്‍പ്പത്തില്‍ എല്ലാവരും തുല്യരാണ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്ത് നടപടി നേരിടേണ്ടി വന്നാലും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മം മലേറിയയും ഡെങ്കിയും പോലെ തുടച്ചുനീക്കേണ്ടതാണ് എന്ന ഉദയനിധിയുടെ പ്രസ്താവനക്കെതിരായ ബി.ജെ.പി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ സനാതന ധര്‍മത്തെ മാത്രമാണ് വിമര്‍ശിച്ചതെന്ന് ആവര്‍ത്തിച്ച് പറയുകയാണ്. സനാതന ധര്‍മം ഉന്മൂലനം ചെയ്യണം. ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കും. എന്റെ വാക്കുകളെ വളച്ചൊടിച്ച് ഞാന്‍ വംശഹത്യ നടത്തുകയാണെന്ന് വരുത്തിതീര്‍ക്കുകയാണ് ബി.ജെ.പി. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ബാലിശമാണ്. ബി.ജെ.പി പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ സഖ്യത്തെ ഭയക്കുന്നുണ്ട്. അവര്‍ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്,’ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നതിന്റെ അര്‍ത്ഥം ഡി.എം.കെക്കാരെ കൊല്ലണമെന്നാണോ എന്നും ‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോള്‍ അതിനര്‍ത്ഥം കോണ്‍ഗ്രസുകാരെ കൊല്ലണം എന്നാണോയെന്നും ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധി സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞത്. ജാതി വിവേചനത്തിന് ഇരയായി ജീവനൊടുക്കിയ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും ഈ വേദിയിലുണ്ടായിരുന്നു.

ചില കാര്യങ്ങള്‍ കേവലമായി എതിര്‍ക്കുകയല്ല വേണ്ടത്, മറിച്ച് അവ ഇല്ലാതാക്കണം. കൊതുക്, ഡെങ്കിപ്പനി, മലേറിയ, കൊറോണ എന്നിവയൊന്നും എതിര്‍ക്കേണ്ടതല്ല, ഇല്ലാതാക്കേണ്ടതാണ്. സനാതനവും അതുപോലെയാണ്.

സനാതനം എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണ് വന്നതെന്നും സംസ്‌കൃതം തുല്യതയ്ക്കും സാമൂഹ്യനീതിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. സനാതനം ശാശ്വതമാണ്. ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഇതാണ് സനാതനത്തിന്റെ അര്‍ത്ഥമെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.

ഉദയനിധി സ്റ്റാലിന്റേത് വംശഹത്യക്കുള്ള ആഹ്വാനമാണ് എന്ന ആരോപണവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. ഉദയനിധി സ്റ്റാലിന് ശിക്ഷ ലഭിക്കാതെ വിടില്ല എന്ന് ആര്‍.എസ്.എസ് അനുകൂല അഭിഭാഷക കൂട്ടായ്മ പ്രതികരിച്ചു. ഇന്ത്യയിലെ 80% വരുന്ന ജനങ്ങളെ വംശഹത്യ ചെയ്യണമെന്നാണ് ഉദയനിധി സ്റ്റാലിന്‍ ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ എക്‌സില്‍ പ്രതികരിച്ചു.

Content Highlights: Udhayanidhi Stalin amid row over eradicate Sanatan Dharma remark

We use cookies to give you the best possible experience. Learn more