തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പരാമര്‍ശം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെ സഖ്യകക്ഷികളും പാര്‍ട്ടിയില്‍ കുടുംബാധിപത്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഡി.എം.കെ കുടുംബാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയാണെന്നും ഷാ പറഞ്ഞിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പുന്‍ഗാമിയാക്കുകയാണെന്നന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍ എത്തിയത്.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് താന്‍ എം.എല്‍.എയും തുടര്‍ന്ന് മന്ത്രിയുമായതെന്ന് ചെന്നൈയില്‍ ഡി.എം.കെ യുവജന വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ എന്നെ മുഖ്യമന്ത്രി ആക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് അമിത് ഷാ പറയുന്നത്. എന്നാല്‍ അമിത് ഷായോട് എനിക്ക് ഒറ്റ ചോദ്യമേ ചോദിക്കാനുള്ളൂ നിങ്ങളുടെ മകന്‍ എങ്ങനെയാണ് ബി.സി.സി.ഐ സെക്രട്ടറി ആയത്? അവന്‍ എത്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചു, എത്ര റണ്‍സ് നേടി,’ ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു. 2014 ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്ഥാപനത്തിന്റെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായെന്നും മന്ത്രി പറഞ്ഞു.
Content Highlight: Udhayanidhi stalin against amit sha