മഹാരാഷ്ട്രയില്‍ നിന്ന് മുംബൈയെ വേര്‍പെടുത്തില്ല: കേന്ദ്രത്തെ വിലക്കി ഉദ്ധവ് താക്കറെ
India
മഹാരാഷ്ട്രയില്‍ നിന്ന് മുംബൈയെ വേര്‍പെടുത്തില്ല: കേന്ദ്രത്തെ വിലക്കി ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th October 2023, 11:21 am

മുംബൈ: മഹാരാഷ്ട്രയില്‍ നിന്ന് മുംബൈയെ വേര്‍പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢ ലക്ഷ്യത്തെ വിമര്‍ശിച്ച് ശിവസേന നേതാവായ ഉദ്ധവ് താക്കറെ. മുംബൈയിലെ ദസറ റാലിയില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. മുംബൈയിലെ പ്രധാനപെട്ട ചില സ്ഥാപനങ്ങള്‍ ഗുജറാത്തിലേക്കും ദല്‍ഹിയിലേക്കും മാറ്റി സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് താക്കറെ പറഞ്ഞു. മുംബൈയുടെ വികസനങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ നീതി ആയോഗിലേക്ക് ലയിപ്പിക്കാനാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ മഹാരാഷ്ട്രയില്‍ നിന്ന് വേര്‍പ്പെടുത്തുന്നതും അധികാരങ്ങളുടെ കൈമാറ്റവും സമ്മതിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും താക്കറെ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേര് നല്‍കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിക്കുകയാണ് ചെയ്തതെന്ന് താക്കറെ പറഞ്ഞു. എന്നാല്‍ അതിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റര്‍മാരെ മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ച് പുഷ്പാഭിഷേകം നടത്തിയെന്നും ദസറ നൃത്ത പരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രാദേശിക ഭക്ഷണങ്ങളാല്‍ വിരുന്നൊരുക്കുകയും ചെയ്തതതിനെ താക്കറെ പരിഹസിച്ചു.

ഇന്ത്യ – പാകിസ്ഥാന്‍ വിഷയത്തില്‍ ഒരേസമയം ജമ്മുകാശ്മീരും മഹാരാഷ്ട്രയും അനവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും മോദിയുടെ ചില ഇടപെടലുകള്‍ ഇരട്ടത്താപ്പിനെ സൂചിപ്പിക്കുന്നതാണെന്നും താക്കറെ പറഞ്ഞു. ഒരുകാലത്ത് ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ക്ക് ജനപ്രീതി ഉണ്ടായിരുന്നെന്നും പക്ഷെ ഭാവിയില്‍ ജനങ്ങള്‍ എല്ലാം മനസിലാക്കുകയും ചരിത്രത്തില്‍ നിന്ന് തന്നെ ഹിറ്റ്‌ലറെ മാറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പരിപാടിയില്‍ ഓര്‍മിപ്പിച്ചു.

ഭരണഘടനക്കും ജനാതിപത്യ മൂല്യങ്ങള്‍ക്കുമെതിര പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദിക്കും എന്‍.ഡി.എ സര്‍ക്കാരിനും അത്തരത്തില്‍ ഒരു അവസ്ഥ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധാരാവിയിലെ ജനങ്ങളെ പുരധിവസിപ്പിക്കാനുള്ള പദ്ധതി ഗൗതം അദാനി ഏറ്റെടുത്തതില്‍ താക്കറെ അതൃപ്തി രേഖപ്പെടുത്തി. 500 ചതുരശ്ര അടി അളവിലുള്ള ഭവനങ്ങളാണോ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് കിട്ടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യക്തിപരമായി ഇക്കാര്യത്തില്‍ താന്‍ ഇടപെടുമെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരുന്നതിന്റെ ആവശ്യമെന്താണെന്നും അതിന്റെ ലക്ഷ്യം വ്യക്തമാക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു.

Content Highlight: Udhav Thakare will not agree to separate Mumbai from Maharashtra