മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. തങ്ങളുടെ ഹിന്ദുത്വ ബോധ്യത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ക്ക് എന്ത് അര്‍ഹതയാണുള്ളതെന്ന് താക്കറെ പറഞ്ഞു.
ദസറ ആഘോഷങ്ങളോടനുബന്ധിച്ചുള്ള പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗവര്‍ണറുടെ പേരെടുത്ത് പറയാതെയായിരുന്നു ഉദ്ദവിന്റെ വിമര്‍ശനം.
‘ഞങ്ങളുടെ ഹിന്ദുത്വത്തെ കുറിച്ച് ചിലര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. ക്ഷേത്രങ്ങള്‍ തുറന്നില്ലെന്നായിരുന്നു ചിലരുടെ വിമര്‍ശനം. ഈ വിമര്‍ശനം നടത്തിയവരോട് എനിക്ക് ഒന്നേ പറയാനുള്ളു. നിങ്ങള്‍ ഇന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗം കേള്‍ക്കു. ഹിന്ദുത്വമെന്നാല്‍ പൂജകള്‍ ചെയ്യുന്നതും ക്ഷേത്രങ്ങളില്‍ പോകുന്നതു മാത്രമല്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. അത് പിന്തുടരുക’- ഉദ്ദവ് പറഞ്ഞു.
അതേസമയം ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സ്വീകരിച്ച നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. മഹാരാഷ്ട്രയില്‍ ഹിന്ദു വികാരം സംരക്ഷിക്കാനെന്ന പേരില്‍ ബീഫ് നിരോധിച്ചെന്നും എന്നാല്‍ ഗോവയില്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ നിലപാട് സ്വീകരിക്കുന്നവരാണോ തങ്ങളെ ഹിന്ദുത്വം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്ത് അയച്ചത് വാര്‍ത്തയായിരുന്നു.
ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച മുഖ്യമന്ത്രി ഉദ്ദവ് ദേവീ ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നതുള്‍പ്പടെയുള്ള പരാമര്‍ശങ്ങളായിരുന്നു കത്തിലൂടെ ഗവര്‍ണര്‍ ഉന്നയിച്ചത്.
‘നിങ്ങള്‍ ഹിന്ദുത്വത്തിന്റെ ശക്തമായ ഒരു ആരാധകന്‍ ആയിരുന്നു. ആഷാഡ ഏകാദശി നാളില്‍ വിത്തല്‍ രുക്മണി ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ട് ശ്രീരാമനോടുള്ള ഭക്തി നിങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് നീട്ടുക്കൊണ്ടുള്ള നിങ്ങളുടെ തീരുമാനം എന്തെങ്കിലും വെളിപാടിനെ തുടര്‍ന്ന് ചെയ്തതാണോ? അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് മതേതരനായി മാറിയോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്’, എന്നായിരുന്നു കോഷ്യാരി കത്തില്‍ ചോദിച്ചത്.
ബാറുകളും റെസ്റ്റോറന്റുകളും തുറന്ന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് വിരോധാഭാസമാണെന്നും ഭഗത് സിങ് കോഷ്യാരി കത്തില്‍ പറഞ്ഞിരുന്നു.
ഒരു വശത്ത് സര്‍ക്കാര്‍ ബാറുകളും റെസ്റ്റോറന്റുകളും തുറക്കാന്‍ അനുവദിച്ചപ്പോള്‍ മറുവശത്ത് ദേവീദേവന്മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും ഇതില്‍ അപലപിക്കുന്നു എന്നുമായിരുന്നു കോഷ്യാരി കത്തില്‍ പറഞ്ഞത്.
ദല്‍ഹിയില്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരാധനാലയങ്ങള്‍ വീണ്ടും തുറന്നെന്നും എന്നാല്‍ ഇവിടെയൊന്നും കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.
ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തുറക്കണമെന്നും കത്തില്‍ കോഷ്യാരി പറഞ്ഞിരുന്നു
എന്നാല്‍ ഗവര്‍ണറുടെ കത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രംഗത്തെത്തിയിരുന്നു. എന്റെ ഹിന്ദുത്വത്തെക്കുറിച്ച് നിങ്ങളില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.’ എന്നായിരുന്നു ഉദ്ദവ് പ്രതികരിച്ചത്.
ഉദ്ദവ് താക്കറെയ്‌ക്കെതിരെ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഗവര്‍ണര്‍ ജാഗ്രത പാലിക്കണമെന്നാണ് അമിത് ഷാ പറഞ്ഞത്. കോഷ്യാരി എഴുതിയ കത്ത് താന്‍ വായിച്ചിരുന്നെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക