മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുംബൈ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. തന്റെ സംസ്ഥാനത്ത് നിന്ന് ഒന്നും ബലമായി പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
മേക്ക് ഇന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗമായി മഹാരാഷ്ട്ര സന്ദര്‍ശിക്കുന്ന യോഗി മുംബൈയിലെ പ്രമുഖ വ്യവസായികളുമായും ബോളിവുഡ് താരങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഉദ്ദവിന്റെ പ്രതികരണം. ചെറുകിട ബിസിനസ് ഗ്രൂപ്പായ ഐഎംസി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ആരുടെയും പുരോഗതിയില്‍ ഞങ്ങള്‍ക്ക് യാതൊരു അസൂയയുമില്ല. ഞങ്ങളോടൊപ്പം മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരോട് വിരോധവും ഇല്ല.എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് നിന്ന് ബലപ്രയോഗത്തിലൂടെ എന്തെങ്കിലും തട്ടിയെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് അനുവദിക്കില്ല, ഉദ്ദവ് പറഞ്ഞു.
ഇന്ന് ചില ആളുകള്‍ നിങ്ങളെ കാണാനായി വരും. തന്റെ സംസ്ഥാനത്തേക്ക് നിക്ഷേപത്തിനായി വരണമെന്ന് നിങ്ങളോട് അവര്‍ പറയും. എന്നാല്‍ അവര്‍ക്ക് മഹാരാഷ്ട്രയുടെ കാന്തികശക്തിയെപ്പറ്റി അറിയില്ല. ഈ ശക്തമായ സംസ്ഥാനം, ഇവിടുന്ന് പോകുന്നവരെ പൂര്‍ണ്ണമായും മറക്കും. അങ്ങനെ സംഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്, ഉദ്ദവ് പറഞ്ഞു.
ബുധനാഴ്ചയാണ് യോഗിയുടെ മഹാരാഷ്ട്ര സന്ദര്‍ശനം. ഒരുദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി മുംബൈയിലെ പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ദേശീയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ ബോളിവുഡിനെക്കാള്‍ വലിയ ചലച്ചിത്ര മേഖല ഉത്തര്‍പ്രദേശില്‍ നിര്‍മ്മിക്കുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും യോഗി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബോളിവുഡിലെ പ്രമുഖരുമായും യോഗി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക