| Wednesday, 3rd March 2021, 8:56 pm

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞു, ഇരട്ടിയായി വര്‍ധിപ്പിച്ചത് ഇന്ധനവിലയാണെന്ന് മാത്രം!; കേന്ദ്രത്തിനെതിരെ ഉദ്ദവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇന്ധനവില ഇരട്ടിയായി വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്ഥാന നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു താക്കറെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.

‘ദല്‍ഹി തെരുവുകളില്‍ കര്‍ഷകര്‍ രാവും പകലുമില്ലാതെ സമരത്തിലാണ്. പുതിയ കാര്‍ഷിക ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ ഇരട്ടിയായി വര്‍ധിപ്പിച്ചത് കര്‍ഷകരുടെ വരുമാനമല്ല ഇന്ധനവിലയാണ്’, ഉദ്ദവ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്ന് വിദര്‍ഭയെ വേര്‍പ്പെടുത്താനുള്ള ബി.ജെ.പി നീക്കങ്ങളെ ഏതുവിധേനയും തടയുമെന്നും ഉദ്ദവ് പറഞ്ഞു. ഇന്ത്യ ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്നും ഉദ്ദവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ശിവസേനയും ആര്‍.എസ്.എസും സ്വാതന്ത്രസമരത്തിന്റെ ഭാഗമായിട്ടില്ലെന്നും താക്കറെ പറഞ്ഞു.

‘ശിവസേനയെ പോലെ തന്നെ ആര്‍.എസ്.എസും സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തിട്ടില്ല. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചതുകൊണ്ട് മാത്രം നിങ്ങള്‍(ബി.ജെ.പി) രാജ്യസ്‌നേഹികളാകില്ല’, ഉദ്ദവ് പറഞ്ഞു.

ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെയും ഉദ്ദവ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പേര് മാറ്റി നരേന്ദ്ര മോദി സ്റ്റേഡിയം എന്നാക്കിയതു കൊണ്ട് ഇനി അവിടെ നടക്കുന്ന ക്രിക്കറ്റ് മാച്ചുകളില്‍ ഇന്ത്യ പരാജയപ്പെടില്ലായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

ഫെബ്രുവരി 24നാണ് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റി നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1,10,000 പേര്‍ക്കിരിക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.
പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് ഭൂമി പൂജ നടത്തി നവീകരിച്ച മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, കായിക വകുപ്പ് മന്ത്രി കിരണ്‍ റിജ്ജു, തുടങ്ങിയവരും സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെതിരെ നിരവധി പേര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി, യൂട്യൂബര്‍ ധ്രുവ് റാഠി തുടങ്ങി അനേകം പേരാണ് സ്റ്റേഡിയത്തിന് മോദിയുടെ പേരിട്ടതിനെതിരെ വിമര്‍ശനം ഉന്നയിച്ചെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Udhav Thackeray Slams Central Govt On Fuel Price Hike

We use cookies to give you the best possible experience. Learn more