| Wednesday, 19th July 2023, 7:09 pm

പിളര്‍പ്പിന് ശേഷം ആദ്യമായി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി അജിത് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷിന്‍ഡെ-ഫഡ്‌നാവിസ് സര്‍ക്കാരിന്റെ ഭാഗമായതിന് ശേഷം ആദ്യമായി ഉപമുഖ്യമന്ത്രി അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി മുന്‍മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര നിയമസഭയില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ആദിത്യ താക്കറെയും മറ്റ് ശിവസേന (യു.ബി.ടി) എം.എല്‍.എമാരും ഉദ്ധവിനൊപ്പം ഉണ്ടായിരുന്നു.

ബെംഗളൂരുവില്‍ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ പ്രഖ്യാപനം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. ഉദ്ധവ് മുഖ്യമന്ത്രിയായി നയിച്ചിരുന്ന മഹാ വികാസ് അഘാടി സഖ്യ സര്‍ക്കാരില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായിരുന്നു.

അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹത്തെ അഭിനന്ദിച്ചെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 2019ല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

ധനകാര്യ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം അജിത് നടത്തിയിട്ടുണ്ട്. അതിനാല്‍ ഇത്തവണയും ജനങ്ങള്‍ക്ക് മന്ത്രിയില്‍ നിന്നും അര്‍ഹമായ സഹായം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. നിലവിലെ മഹാരാഷ്ട്ര സര്‍ക്കാരിലെ ധനമന്ത്രി കൂടിയാണ് അജിത് പവാര്‍.

അടുത്തിടെ മഹാരാഷ്ട്രയില്‍ എന്‍.സി.പി പിളര്‍ന്നിരുന്നു. അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം എം.എല്‍.എമാര്‍ എന്‍.ഡി.എയില്‍ ചേര്‍ന്നതോടെയാണ് പാര്‍ട്ടി പിളര്‍ന്നത്. ജൂലൈ 16, 17 ദിവസങ്ങളിലായി പാര്‍ട്ടി പിളര്‍ത്തിയ അജിത് പവാറും മറ്റു എം.എല്‍.എമാരും എന്‍.സി.പി സ്ഥാപകനും നിലവിലെ അധ്യക്ഷനുമായ ശരദ് പവാറിന്റെ വസതിയിലെത്തിയിരുന്നു.

തുടര്‍ച്ചായ രണ്ട് ദിവസങ്ങളിലും കൂടിക്കാഴ്ച തുടര്‍ന്നിരുന്നുവെങ്കിലും ശരദ് പവാറിനെ അനുനയിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ശരദ് പവാര്‍ ഉള്‍പ്പെടെ ബെംഗളൂരുവിലെ പ്രതിപക്ഷ മുന്നണി രൂപീകരണ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Content Highlights: udhav thackeray meets old friend ajith pawar and whishes him better luck
We use cookies to give you the best possible experience. Learn more