മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മുംബൈ-അഹമ്മദാബാദ് സിറ്റികളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വെള്ളാനയെന്ന് വിശേഷിപ്പിച്ചാണ് ശിവസേന മുഖ്യമന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചത്.
കര്‍ഷകരില്‍ നിന്നും ഗോത്ര വിഭാഗത്തില്‍ നിന്നും പദ്ധതിക്കെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഉദ്ദവ് താക്കറെ പദ്ധതിയില്‍ വീണ്ടും കൂടിയാലോചന അനിവാര്യമാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
”നിര്‍ദ്ദിഷ്ട ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ നിന്ന് ആര്‍ക്കാണ് ലാഭം ഉണ്ടാവുകയെന്നും, പദ്ധതി നടപ്പിലായാല്‍ മഹാരാഷ്ട്രയുടെ വ്യാവസായിക വികസനത്തിന് മുതല്‍കൂട്ടാകുമോ?” എന്നും താക്കറെ ചോദിച്ചു. ബുള്ളറ്റ് ട്രെയിന്‍ നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായിരിക്കാം പക്ഷേ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാല്‍ യാഥാര്‍ത്ഥ്യങ്ങളെ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുന്നു എന്നതുകൊണ്ട് ഒരു വെള്ളാനയെ ചുമക്കേണ്ട ആവശ്യമില്ലെന്നും വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണന ക്രമം നിശ്ചയിച്ചായിരിക്കണം നടപ്പിലാക്കേണ്ടതെന്നും ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നരേന്ദ്ര മോദിക്കെതിരെയും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്‌ക്കെതിരെയും കടുത്ത വിമര്‍ശന മുന്നയിച്ച് ശിവസേന മുഖ്യമന്ത്രി രംഗത്തെത്തിയത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ധാരണയില്‍ എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ശിവസേന ബി.ജെ.പി സഖ്യം ഉപേക്ഷിച്ചത്.