മുംബൈ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ പ്രസംഗത്തിലെ ഹിന്ദു പരാമർശം സംബന്ധിച്ച വിവാദത്തിൽ പിന്തുണയുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ.
രാഹുൽ ഹിന്ദുത്വത്തെ അപമാനിച്ചിട്ടില്ലെന്ന് ഉദ്ധവ് പറഞ്ഞു.
‘പാർലമെന്റിലെ പ്രസംഗത്തിനിടയിൽ രാഹുൽ ഗാന്ധി ഹിന്ദുത്വത്തിനെതിരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. ഞാൻ രാഹുലിന്റെ പ്രസംഗം കേട്ടതാണ്. ഞങ്ങളാരും ഹിന്ദുത്വത്തെ അപമാനിക്കുന്നവരോ അത്തരം നടപടികൾ അംഗീകരിക്കുന്നവരോ അല്ല. ബി.ജെ.പിയുടേത് ഹിന്ദുത്വമല്ലെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഹിന്ദുത്വത്തെ ഉപേക്ഷിച്ചത് ബി.ജെ.പിയാണ്. അവർ മുന്നോട്ട് വെക്കുന്ന ആശയം ഹിന്ദുത്വമല്ലെന്ന് ഞാനും പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതോടൊപ്പം ശിവന്റെ ചിത്രം കാണിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചപ്പോൾ അത് തടയാൻ ബി.ജെ.പി ശ്രമിച്ചു, ഇതാണോ ഹിന്ദുത്വം എന്നും അദ്ദേഹം ചോദിച്ചു.
ലോക്സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ഹിന്ദുമതത്തെ മുഴുവൻ അപമാനിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.
ഒരു മണിക്കൂറും 40 മിനിറ്റും നീണ്ട ഗാന്ധിയുടെ പ്രസംഗത്തിൽ രണ്ട് തവണ ഇടപെട്ട മോദിയെ കൂടാതെ, കുറഞ്ഞത് അഞ്ച് കാബിനറ്റ് മന്ത്രിമാരെങ്കിലും രാഹുലിനെതിരെ പ്രതികരിച്ചിരുന്നു. ഒപ്പം ആഭ്യന്തര മന്ത്രി അമിത് ഷായും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അക്രമത്തിലും വിദ്വേഷത്തിലും ഇടപെടുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമർശം. തുടർന്ന് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇത് കൂടാതെ അഗ്നിവീർ പദ്ധതിയെയും ന്യൂനപക്ഷങ്ങളെയും സംബന്ധിച്ച് ലോക്‌സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ചില പരാമർശങ്ങളും സ്പീക്കർ ഓം ബിർല നീക്കം ചെയ്തിരുന്നു.
ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെൻ്റിനുള്ള അഗ്നിവീർ പദ്ധതിയെയും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. അഗ്നിവീർ സർക്കാരിനെ സംബന്ധിച്ചിടത്തോളം യൂസ് ആന്റ് ത്രോ പദ്ധതിയാണെന്നും , കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇടപെട്ട് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ തള്ളി.