|

മണിപ്പൂര്‍ കത്തുന്നു; പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നു: താക്കറേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മണിപ്പൂരില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറേ. മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ശ്രദ്ധിക്കാതെ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്തുകയാണെന്ന് താക്കറെ പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയില്‍ പാര്‍ട്ടി ഭാരവാഹികളുടെ പ്ലീനറിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി പണമടച്ച പ്രേക്ഷകര്‍ക്ക് പ്രഭാഷണം നടത്താന്‍ അമേരിക്കയിലേക്ക് പോകുകയാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷാ പരാജയമാണ്. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ അദ്ദേഹത്തിനായില്ല. അവരുടെ ഇ.ഡിയെയും സി.ബി.ഐയെയും മണിപ്പൂരിലേക്കയക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. ഒരു പക്ഷേ അവര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചാലോ,’ താക്കറേ പറഞ്ഞു.

റഷ്യ-ഉക്രൈന്‍ യുദ്ധം നരേന്ദ്ര മോദി അവസാനിപ്പിച്ചിട്ടുണ്ടെന്ന് അവകാശ വാദങ്ങളുണ്ടെന്നും അതുകൊണ്ട് മണിപ്പൂര്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘മോദി മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം. സമാധാനം പുനസ്ഥാപിക്കണം. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ ഞങ്ങള്‍ വിശ്വസിക്കാം,’ താക്കറേ പറഞ്ഞു.

ജൂണ്‍ 20 മുതല്‍ 25 വരെ അമേരിക്കയിലും ഈജിപ്തിലുമാണ് മോദി സന്ദര്‍ശനം നടത്തുന്നത്.

ഒരു മാസത്തിലധികമായി നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 100 ഓളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ഇന്നും മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു. ഇംഫാലിലെ ചിഗ്മങ് ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം രാത്രി അക്രമം ഉണ്ടായിരിക്കുന്നത്. വെടിയേറ്റ സൈനികനെ ലെയ്മഗോങ്ങിലെ ആര്‍മി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.

അതേസമയം കാന്റോ സബലില്‍ കുക്കി സായുധ സംഘം അഞ്ച് വീടുകള്‍ക്കു തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മണിപ്പൂരിലെ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ട്രൈബ് ലീഡേഴ്‌സ് ഫോറവും രംഗത്തെത്തി.

അതേസമയം മണിപ്പൂര്‍ സംഘര്‍ഷത്തെ കുറിച്ച് പ്രതിപാദിക്കാത്ത മന്‍ കി ബാത്തും മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങള്‍ ബഹിഷ്‌കരിച്ചു. റേഡിയോ സെറ്റുകള്‍ പൊതുനിരത്തില്‍ എറിഞ്ഞുടച്ചും നിലത്തിട്ട് ചവിട്ടിയുമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.

content highlights: udhav against modi in manipur issue