കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ അരുംകൊല നടന്ന മട്ടന്നൂരിനു സമീപമുള്ള പേരാവൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. മുസ്‌ലിം ലീഗിലെ സിറാജ് പൂക്കോത്താണ് 382 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത്.
1138 പേരാണ് ഇവിടെ ആകെ വോട്ട് ചെയ്തത്. ഇതില്‍ 742 വോട്ട് സിറാജിനും, 360 വോട്ട് ഇടതു സ്വതന്ത്രന്‍ അബ്ദുള്‍ റഷീദിനും ലഭിച്ചു. കഴിഞ്ഞ തവണ 55 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ഇവിടെ ജയിച്ചത്.
മുന്‍വാര്‍ഡ് മെമ്പറായിരുന്ന സിറാജ് പൂക്കോത്ത് മെമ്പര്‍ സ്ഥാനം രാജിവെച്ച് സി.പി.ഐ.എം വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്നതാണ് പേരാവൂരില്‍ ഉപതെരഞ്ഞെടുപ്പിന് കാരണം. എല്‍.ഡി.എഫാണു പഞ്ചായത്ത് ഭരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ല.
ശുഹൈബിന്റെ കൊലപാതകം തന്നെയാണ് പ്രചരണവേളയില്‍ ഇവിടെ കത്തി നിന്നത്. യു.ഡി.എഫിന്റെ പ്രധാന പ്രചാരണായുധമായിരുന്നു ഇത്.
ചിത്രം: ശുഹൈബ്, സിറാജ് പൂക്കോട്ടൂര്‍