| Monday, 22nd March 2021, 9:02 pm

പൊന്നാനിയില്‍ യു.ഡി.എഫ് ജയിക്കും; മനോരമ-വി.എം.ആര്‍ അഭിപ്രായ സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെ പ്രതിസന്ധിയിലാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധങ്ങള്‍ നടത്തിയ പൊന്നാനി മണ്ഡലത്തില്‍ യു.ഡി.എഫ് ജയിക്കുമെന്ന് മനോരമ പ്രീപോള്‍ സര്‍വേ ഫലം. 46. 70 ശതമാനം യു.ഡി.എഫിന് ലഭിക്കുമെന്ന് പറയുമ്പോള്‍ 41. 40 ശതമാനം മാത്രമാണ് എല്‍.ഡി.എഫിന് ലഭിക്കുകയെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. എന്‍.ഡി.എ മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് സര്‍വേയില്‍ പറയുന്നത്. 6.70 ശതമാനം മാത്രമാണ് എന്‍.ഡി.എ വിജയിക്കുമെന്ന് പറഞ്ഞത്.

മനോരമന്യൂസ് – വി.എം.ആര്‍ അഭിപ്രായസര്‍വേ ഫലത്തിന്റെ രണ്ടാംഭാഗമാണ് തിങ്കളാഴ്ച പുറത്തുവിട്ടത്.

മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഫലമാണ് രണ്ടാം ദിവസം പുറത്തുവിടുന്നത്. 27000 പേരില്‍ നിന്നാണ് വി.എം.ആര്‍ വിവിധ മണ്ഡലങ്ങളിലായി അഭിപ്രായം ആരാഞ്ഞത്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യതയാണ് പരിശോധിക്കുന്നത്. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് സര്‍വേ ഫലം പുറത്തുവിടുക.

കഴിഞ്ഞ തവണ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ജയിച്ച മണ്ഡലമാണ് പൊന്നാനി. ആദ്യം ശ്രീരാമകൃഷ്ണന്റെ പേര് ഉയര്‍ന്ന് വന്നിരുന്നെങ്കിലും സി.ഐ.ടി.യു ദേശീയ നേതാവായ നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

പൊന്നാനിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് പി. നന്ദകുമാറാണ്. എന്നാല്‍ നന്ദകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള പാര്‍ട്ടി അനുഭാവികള്‍ പ്രതിഷേധവുമായി തെരുവിലറങ്ങിയിരുന്നു. പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ത്ഥി ആക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പ്രാദേശിക നേതാവായ ടി.എം സിദ്ദീഖിന് മണ്ഡലത്തിലുള്ള ജനപിന്തുണയായിരുന്നു പ്രതിഷേധത്തിന് കാരണം. എ. എം രോഹിത്താണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും ചുവക്കുമെന്നാണ് അഭിപ്രായ സര്‍വേയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫും ഒരു മണ്ഡലത്തില്‍ എന്‍.ഡി.എയും എത്തുമെന്നാണ് സര്‍വേയില്‍ പറഞ്ഞത്. വയനാട് മണ്ഡലത്തില്‍ മുഴുവന്‍ സീറ്റും എല്‍.ഡി.എഫ് നേടുമെന്നും സര്‍വേ പറയുന്നു.

കണ്ണൂരില്‍ 9 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫും വിജയിക്കുമെന്നണ് സര്‍വേ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UDF will succeed in Ponnani constituency says manorama vmr pre-poll survey

We use cookies to give you the best possible experience. Learn more